കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു; ടൊറന്റോ യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് എംബിബിഎസ് വിദ്യാര്‍ത്ഥി: ഓടിരക്ഷപ്പെട്ട പ്രതികള്‍ക്കായി തിരച്ചില്‍

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു

Update: 2025-12-26 03:48 GMT

ടൊറന്റോ: കാനഡയിലെ ടൊറന്റോ യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെയ്പ്പില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. എം.ബി.ബി.എസിന് പഠിക്കുന്ന ശിവങ്ക് അവസ്തിയാണ് (20) കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവങ്ക് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. സംഭവത്തിനു പിന്നാലെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ക്കായി പോലിസ് അന്വേഷണം തുടങ്ങി,

ടൊറന്റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ കാമ്പസിന് സമീപത്തുള്ള ഹൈലാന്‍ഡ് ക്രീക്ക് ട്രയല്‍ ഭാഗത്താണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ വെടിയേറ്റ നിലയില്‍ ശിവങ്കിനെ കണ്ടെത്തിയത്. ഹൈലാന്‍ഡ് ക്രീക്ക് ട്രയലിനും ഓള്‍ഡ് കിങ്സ്റ്റണ്‍ റോഡിനും സമീപം ഒരാള്‍ക്ക് പരിക്കേറ്റതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പ്രതികളെ കണ്ടെത്താനായി പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. വിവരങ്ങള്‍ ലഭിക്കുന്നവര്‍ പൊലീസുമായോ ക്രൈം സ്റ്റോപ്പേഴ്‌സുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

ഒരാഴ്ചക്കിടെ ടൊറന്റോയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പൗരനാണ് ശിവങ്ക്. കഴിഞ്ഞദിവസം ഇന്ത്യന്‍ വംശജയായ മുപ്പതുകാരിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ടൊറന്റോ സ്വദേശിയായ ഹിമാന്‍ഷി ഖുറാന (30) യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹിമാന്‍ഷിയുടെ പങ്കാളിയെന്ന് സംശയിക്കുന്നയാള്‍ക്കെതിരെ പൊലീസ് രാജ്യം മുഴുവന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 'കാനഡ വൈഡ് അറസ്റ്റ് വാറന്റ്' പുറപ്പെടുവിച്ചു.

Tags:    

Similar News