ദേശിയപാത നിര്‍മ്മാണത്തിനിടെ ക്രെയിനിന്റെ ബെല്‍റ്റ് പൊട്ടി കോണ്‍ക്രീറ്റ് സ്ലാബ് റോഡിലേക്ക് വീണു; ഒഴിവായത് വന്‍ അപകടം: സുരക്ഷാ മാനദണ്ഡം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍
ക്രെയിനിന്റെ ബെല്‍റ്റ് പൊട്ടി കോണ്‍ക്രീറ്റ് സ്ലാബ് റോഡിലേക്ക് വീണു
കോഴിക്കോട്: ദേശീയപാതയില്‍ പ്രവൃത്തി നടക്കുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് സര്‍വീസ് റോഡിലേക്കു വീണു. ഭാഗ്യത്തിനാണ് വന്‍ അപകടം ഒഴിവായത്. തിരുവങ്ങൂര്‍ അടിപ്പാതയ്ക്കു സമീപമാണ് സംഭവം. കൊയിലാണ്ടി ഭാഗത്തേക്കു പോകുന്ന സര്‍വീസ് റോഡില്‍ ഇന്നലെ ഉച്ചയ്ക്കു 12.55ന് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുമ്പോഴാണു ബെല്‍റ്റ് പൊട്ടി സ്ലാബ് വീണത്.
കോഴിക്കോട് ഭാഗത്തുനിന്നു കണ്ണൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ദേശീയപാത പ്രവൃത്തി നടക്കുന്നതിനാല്‍ സര്‍വീസ് റോഡിലൂടെയാണു പോകുന്നത്. തൊട്ടടുത്ത തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അവധിയായതിനാല്‍ വന്‍അപായം ഒഴിവായി.
സുരക്ഷാ മാനദണ്ഡം പാലിക്കാതെയാണു പ്രവൃത്തി ചെയ്യുന്നതെന്ന് ആരോപിച്ച് സ്ലാബ് ഉയര്‍ത്താനുള്ള തൊഴിലാളികളുടെ നീക്കം നാട്ടുകാര്‍ തടഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നു നിര്‍മാണം നിര്‍ത്തി വച്ചു.