കഷ്ണങ്ങളാക്കി മുറിച്ച നിലയില്‍ കണ്ടെത്തിയത് 90 കിലോ ചന്ദനം; വില്‍പ്പന നടത്താന്‍ പാടില്ലെന്ന് അറിയില്ലായിരുന്നെന്ന് വീട്ടുകാര്‍: കിളിമാനൂരിൽ അറസ്റ്റിലായ സ്ത്രീകളടക്കം മൂന്നു പേരെയും ജാമ്യത്തില്‍ വിട്ടു
കിളിമാനൂരിൽ കഷ്ണങ്ങളാക്കി മുറിച്ച നിലയിൽ 90 കിലോ ചന്ദനം പിടിച്ചെടുത്തു
തിരുവനന്തപുരം: കിളിമാനൂര്‍ കുന്നുമ്മലില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 90 കിലോ ചന്ദനവുമായി രണ്ട് സ്ത്രീകളടക്കം മൂന്നു പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ആറാം താനം ദര്‍ഭകട്ടക്കാലില്‍ വീട്ടില്‍ അനിലന്‍ (65), കുന്നുമ്മല്‍ പറങ്കിമാംവിള വീട്ടില്‍ കല്‍പക (46), പഴയകുന്നുമ്മേല്‍ വിളക്കാട്ടുകോണം വൃന്ദ ഭവനില്‍ ഷാലിമ (48) എന്നിവരെ പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. പണത്തിനുവേണ്ടി സ്വകാര്യവസ്തുവില്‍ നിന്ന ചന്ദനം മൂവര്‍ സംഘം മുറിച്ച് വില്‍ക്കുക ആയിരുന്നു.
വനംവകുപ്പിന്റെ ചോദ്യം ചെയ്യലില്‍ മുറിച്ച് വില്‍പന നടത്തരുതെന്നത് അറിയാതെയാണ് പുരയിടത്തില്‍ നിന്ന ചന്ദനം മുറിച്ചതെന്ന് വീട്ടുകാര്‍ വനം വകുപ്പിനോട് പറഞ്ഞത്. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോള്‍ മറ്റ് വഴിയില്ലാതെ വില്‍പ്പനയ്ക്ക് ശ്രമിച്ചതാണെന്നും ഇവര്‍ മൊഴി നല്‍കി. കഷ്ണങ്ങളാക്കി മുറിച്ച നിലയിലായിരുന്നു ചന്ദനം കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ മൂന്നു പേരെയും ജാമ്യത്തില്‍ വിട്ടു.
കോഴിഫാമിലും ചന്ദനം കണ്ടെത്തി
45 കിലോ ചന്ദനം കോഴിഫാമില്‍ സൂക്ഷിച്ചിരുന്നതുമായി ബന്ധപ്പെട്ട് നജാം, നവാസ്, പ്രമോദ് എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. നജാമിന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമില്‍ രണ്ടു ചാക്കുകളിലാക്കി കഴിഞ്ഞ ഒരു മാസമായി സൂക്ഷിച്ചിരുന്ന ചന്ദനം കാറില്‍ കയറ്റി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് വനം വകുപ്പ് നടത്തിയ പരിശോധനയില്‍ ഇവര്‍ പിടിയിലായത്. ആറ്റിങ്ങല്‍, വര്‍ക്കല, പാരിപ്പള്ളി, പള്ളിക്കല്‍, കിളിമാനൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ചന്ദന കള്ളക്കടത്ത് വ്യാപകമാണ്. ഇവിടം കേന്ദ്രീകരിച്ച് ഏഴ് കേസുകളിലായി 15 പേരെ പിടികൂടിയിട്ടുണ്ട്. പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടി നെടുമങ്ങാട് വനം കോടതിയില്‍ ഹാജരാക്കി. അനുമതിയില്ലാതെ ചന്ദനമരം മുറിക്കുന്നതോ, സൂക്ഷിക്കുന്നതോ, വില്‍ക്കുന്നതോ നിലവില്‍ കുറ്റകൃത്യമാണ്.