തെരുവുനായ ഷെല്‍ട്ടറുകള്‍ക്ക് ഭൂമിയില്ല, ജനങ്ങള്‍ പ്രതിഷേധത്തില്‍; സുപ്രീംകോടതിയില്‍ വെല്ലുവിളികള്‍ വിവരിച്ച് കേരളം

Update: 2026-01-06 05:39 GMT

ന്യൂഡല്‍ഹി: കേരളത്തിലെ തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതില്‍ നേരിടുന്ന പ്രായോഗിക തടസ്സങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. തെരുവുനായകളെ പാര്‍പ്പിക്കുന്നതിനുള്ള ഷെല്‍ട്ടറുകള്‍ (ഡോഗ് പൗണ്ടുകള്‍) സ്ഥാപിക്കുന്നതിനെതിരെ ജനങ്ങളുടെ ഭാഗത്തുനിന്നും വ്യാപകമായ പ്രതിഷേധം ഉണ്ടാകുന്നുണ്ടെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. ജയതിലക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

കേരളം ജനസാന്ദ്രത കൂടിയ സംസ്ഥാനമാണെന്നും നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതിനാല്‍ വിജനമായ സ്ഥലങ്ങള്‍ കണ്ടെത്തുക പ്രയാസകരമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ രണ്ട് ഡോഗ് പൗണ്ടുകള്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്. കൂടുതല്‍ സ്ഥലങ്ങള്‍ക്കായി റവന്യൂ, തദ്ദേശ വകുപ്പുകള്‍ ശ്രമം തുടരുകയാണ്. തെരുവുനായ വന്ധ്യംകരണത്തിനായുള്ള എബിസി (ABC) കേന്ദ്രങ്ങള്‍ക്കും ഷെല്‍ട്ടറുകള്‍ക്കുമെതിരെ നാട്ടുകാര്‍ രംഗത്തുവരുന്നു. കണ്ണൂര്‍ തലശ്ശേരിയില്‍ ആരംഭിച്ച എബിസി കേന്ദ്രം ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടേണ്ടി വന്ന സാഹചര്യം ചീഫ് സെക്രട്ടറി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇവിടെ 77 നായകളെ വന്ധ്യംകരിച്ചെങ്കിലും പ്രതിഷേധം കാരണം കേന്ദ്രം പിന്നീട് തുറക്കാന്‍ കഴിഞ്ഞില്ല.

തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി സംസ്ഥാനത്തുടനീളം 22 ഫീഡിങ് കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നായ ശല്യം രൂക്ഷമായ ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. സംസ്ഥാനത്തിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്. തെരുവുനായ വിഷയത്തില്‍ കോടതിയുടെ അടുത്ത നടപടികള്‍ കേരളത്തിന് നിര്‍ണ്ണായകമാകും.

Similar News