എയര്‍ ഇന്ത്യ 171 വിമാന ദുരന്തം: സുതാര്യമായ അന്വേഷണം വേണമെന്ന് കാര്‍ത്തി ചിദംബരം; വ്യോമയാന മന്ത്രിക്ക് കത്തയച്ചു

Update: 2026-01-06 05:49 GMT

അഹമ്മദാബാദ്: അഹമ്മദാബാദില്‍ 280-ഓളം പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ AI 171 വിമാന ദുരന്തത്തില്‍ സമഗ്രവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി കാര്‍ത്തി പി. ചിദംബരം. അപകടത്തെക്കുറിച്ചുള്ള വസ്തുതകള്‍ പുറത്തുവിടണമെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി രാം മോഹന്‍ നായിഡുവിന് കത്തയച്ചു.

ഇത്രയധികം മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ട ദുരന്തത്തില്‍ ഒളിച്ചുകളി പാടില്ലെന്നും അന്വേഷണ വിവരങ്ങള്‍ കൃത്യമായി പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപകടത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടോ എന്നും നിലവില്‍ മന്ത്രാലയം സ്വീകരിച്ച നടപടികള്‍ എന്താണെന്നും വ്യക്തമാക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൃത്യമായ അന്വേഷണത്തിലൂടെ വീഴ്ചകള്‍ കണ്ടെത്തി പ്രതികരണം നടത്തേണ്ടത് അത്യാവശ്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 230 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പറന്നുയര്‍ന്ന ഉടന്‍ വിമാനത്താവളത്തിന് സമീപമുള്ള മേഘാനി നഗറിലെ ജനവാസ മേഖലയിലേക്ക് വിമാനം തകര്‍ന്നു വീഴുകയായിരുന്നു.

Similar News