മറ്റത്തൂര്‍ പഞ്ചായത്തില്‍ സമവായ നീക്കം: വൈസ് പ്രസിഡന്റ് രാജിവെച്ചു; പ്രസിഡന്റ് പദവിയില്‍ തര്‍ക്കം തുടരുന്നു
തൃശ്ശൂര്‍: ബിജെപി പിന്തുണയോടെ കോണ്‍ഗ്രസ് വിമതര്‍ ഭരണം പിടിച്ചെടുത്തതിനെത്തുടര്‍ന്ന് മറ്റത്തൂര്‍ പഞ്ചായത്തിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമം. വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ സ്ഥാനം രാജിവെച്ചു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ ബിജെപി കൂട്ടുക്കെട്ട് അവസാനിപ്പിക്കാന്‍ റോജി ജോണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ നടപടി.
ഡിസിസിക്കെതിരെ ആഞ്ഞടിച്ച് വിമതര്‍ വൈസ് പ്രസിഡന്റ് രാജിവെച്ചെങ്കിലും പ്രസിഡന്റ് ടെസി ജോസ് ഉടന്‍ രാജിവെക്കില്ലെന്ന നിലപാടിലാണ് വിമതപക്ഷം. ഇവര്‍ സ്വതന്ത്രയായാണ് വിജയിച്ചതെന്ന് വിമതര്‍ക്ക് നേതൃത്വം നല്‍കുന്ന മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ വ്യക്തമാക്കി. ഡിസിസി നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്: ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിക്ക് പാര്‍ട്ടി ചിഹ്നം നല്‍കിയെന്നും ഇതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ സ്വതന്ത്രരായി മത്സരിച്ചതെന്നും ചന്ദ്രന്‍ ആരോപിച്ചു.
പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നവര്‍ക്കെതിരെ സ്വതന്ത്രരെ പിന്തുണയ്ക്കാന്‍ ഡിസിസി അനുമതി നല്‍കിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. എല്‍ഡിഎഫ് പാളയത്തിലേക്ക് പോയ കെ.ആര്‍. ഔസേപ്പിനെ സ്വാധീനിക്കാന്‍ സിപിഎം വിദേശത്ത് ഉള്‍പ്പെടെ പണപ്പിരിവ് നടത്തിയതായും വിമതര്‍ ആരോപിക്കുന്നു.