പ്രായപൂര്‍ത്തിയാകാത്ത സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്
സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്
മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു. പോത്താനിക്കാട് വാടകയ്ക്ക് താമസിക്കുന്ന മൂവാറ്റുപുഴ ആയവന സിദ്ധന്‍പടി ചേന്നിരിക്കല്‍ സജി (58) യെയാണ് മൂവാറ്റുപുഴ പോക്സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി ജി. മഹേഷ് ശിക്ഷിച്ചത്. ഇതിനുപുറമേ വിവിധ വകുപ്പുകള്‍ പ്രകാരം 26 വര്‍ഷം തടവും പിഴ അടച്ചില്ലെങ്കില്‍ അധിക തടവും അനുഭവിക്കണം. പിഴത്തുക ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു.
2021ലാണ് മാനസിക ബൗദ്ധിക വെല്ലുവിളി നേരിടുന്ന പറമ്പഞ്ചേരി സ്വദേശിനിയായ 18-കാരി പീഡനത്തിന് ഇരയായത്. പണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് 2019 ജൂണ്‍ 19-നാണ് കേസിന് ആസ്പദമായ സംഭവം. മാതാപിതാക്കള്‍ പണിസ്ഥലത്തായിരുന്നതിനാല്‍ പെണ്‍കുട്ടി സ്‌കൂള്‍ വിട്ട് അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് വരുകയായിരുന്നു. കുട്ടിയെ വീട്ടിലാക്കി ചെറിയമ്മ പുറത്തേക്കു പോയ വേളയില്‍ പ്രതി വീട്ടില്‍ കയറി അതിക്രമം നടത്തുകയായിരുന്നു.
സംഭവത്തില്‍ പോത്താനിക്കാട് ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാര്‍, എസ്ഐമാരായ കെ.എം. അശോകന്‍, ഇ.എം. ഷാജി, സീനിയര്‍ വനിത സിവില്‍ പോലീസ് ഓഫീസര്‍മാരായ ബീന, ടി.എന്‍. സിനി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ആര്‍. ജമുന ഹാജരായി. ലേഖ പി. സുരേഷായിരുന്നു ലെയ്സണ്‍ ഓഫീസര്‍.