വയനാട് മെഡിക്കല്‍ കോളേജില്‍ ഗുരുതര ചികിത്സാപിഴവ്; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്; ലാത്തി വീശലും സംഘര്‍ഷവും

Update: 2026-01-07 06:57 GMT

മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ യുവതിയുടെ പ്രസവത്തിന് പിന്നാലെ ഉണ്ടായ ചികിത്സാപിഴവില്‍ ആരോഗ്യവകുപ്പിനെതിരെ വ്യാപക പ്രതിഷേധം. പ്രസവം കഴിഞ്ഞ് രണ്ടര മാസത്തിന് ശേഷം യുവതിയുടെ ശരീരത്തിനുള്ളില്‍ നിന്ന് രക്തസ്രാവം തടയാന്‍ വെച്ച കോട്ടണ്‍ തുണി പുറത്തുവന്നതാണ് വിവാദമായത്. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം നടത്തി. പ്രതിഷേധത്തിനിടെ സംഘര്‍ഷവുമുണ്ടായി. പോലീസ് നേരിയ തോതില്‍ ലാത്തി വീശി.

പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ ഉടന്‍ തന്നെ ഉള്ളിലെന്തോ ഇരിക്കുന്നതായും അസ്വസ്ഥതയുള്ളതായും യുവതി മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. ക്രമേണ വയറുവേദനയും അസഹനീയമായ ദുര്‍ഗന്ധവും അനുഭവപ്പെട്ടു. 20 ദിവസത്തിന് ശേഷം മെഡിക്കല്‍ കോളേജിലെത്തി ബുദ്ധിമുട്ടുകള്‍ അറിയിച്ചെങ്കിലും ഡോക്ടര്‍മാര്‍ പരിശോധിക്കാന്‍ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. 'കുഴപ്പമൊന്നുമില്ല, കൂടുതല്‍ വെള്ളം കുടിച്ചാല്‍ മതി' എന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ യുവതിയെ മടക്കി അയക്കുകയായിരുന്നു.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ വിശ്രമിച്ചെങ്കിലും ആരോഗ്യനില മോശമായിക്കൊണ്ടിരുന്നു. ഒടുവില്‍ പ്രസവം കഴിഞ്ഞ് 75-ാം ദിവസം കോട്ടണ്‍ തുണി ശരീരത്തില്‍ നിന്ന് തനിയെ പുറത്തുവരികയായിരുന്നു. പ്രസവസമയത്ത് രക്തസ്രാവം തടയാനായി ഡോക്ടര്‍മാര്‍ വെച്ച തുണി അശ്രദ്ധമായി ഉള്ളില്‍ തന്നെ മറന്നതാണെന്ന് വ്യക്തമായി.

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് കടുത്ത അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ കുടുംബം മന്ത്രി ഒ.ആര്‍. കേളുവിനും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചെങ്കിലും ഡോക്ടര്‍മാരെ സംരക്ഷിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

Similar News