സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; കോട്ടയത്ത് നിരവധി കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പൂഞ്ഞാര്‍: പാതാമ്പുഴ മലയിഞ്ചിപ്പാറ സെയ്ന്റ് ജോസഫ് യുപി സ്‌കൂളിലെ 31 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ബുധനാഴ്ച സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെത്തിയശേഷം ഛര്‍ദ്ദിച്ച കുട്ടികളും ആശുപത്രിയില്‍ ചികിത്സ തേടി. പൂഞ്ഞാര്‍ പിഎച്ച്സി, പാലാ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് കുട്ടികളെ എത്തിച്ചിരിക്കുന്നത്.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടികള്‍ക്ക് തളര്‍ച്ച അനുഭവപ്പെട്ടത്. സ്‌കൂള്‍വിട്ട സമയത്താണ് പലരും ഛര്‍ദ്ദിച്ചത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ പൂഞ്ഞാര്‍ തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തുടര്‍ന്ന് കുട്ടികളെ പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടികള്‍ക്ക് ഇന്നലെ വിരഗുളിക നല്‍കിയിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് ചോറിന്റെ കൂടെ പയറും മോരുമാണ് കുട്ടികള്‍ക്ക് നല്‍കിയത്. 53 കുട്ടികളാണ് സ്‌കൂളിലുള്ളത്. കുട്ടികളുടെ ആരോഗ്യസ്ഥിതി അപകടനിലയിലല്ലെന്ന് പാലാ ജനറല്‍ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. അഭിലാഷ് പറഞ്ഞു.