മരക്കൊമ്പ് പൊട്ടി വീണു; സ്‌കൂട്ടറിന്റെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്ത യുവാവിന് ദാരുണാന്ത്യം
മരക്കൊമ്പ് പൊട്ടി വീണു; സ്‌കൂട്ടറിന്റെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്ത യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: സ്‌കൂട്ടറിന്റെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യവെ മരക്കൊമ്പ് പൊട്ടി വീണു യുവാവ് മരിച്ചു. പാലോട് - ഇടിഞ്ഞാര്‍ റോഡിലുണ്ടായ അപകടത്തില്‍ ഇടിഞ്ഞാര്‍ കല്യാണിക്കരികത്ത് ഹര്‍ഷകമാര്‍ എന്ന് വിളിക്കുന്ന ഷൈജു (47) ആണ് മരിച്ചത്. റോഡുവക്കില്‍ ഉണങ്ങി നിന്ന മാഞ്ചിയം മരം ഒടിയുകയും അതിന്റെ വലിയ കൊമ്പ് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന്റെ തലയില്‍ വീഴുകയായിരുന്നു. ഇന്നലെ രാത്രി 10.30 മണിയോടെ ബ്രൈമൂര്‍ - പാലോട് റൂട്ടില്‍ മുല്ലച്ചല്‍ വളവിലാണ് അപകടം ഉണ്ടായത്.
ഷൈജുവും ബന്ധുവും കൂടി സുഹൃത്തിന്റെ മകളുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത് വീട്ടിലേയ്ക്ക് മടങ്ങവേയാണ് ദാരുണമായ സംഭവം. ബന്ധുവായ ജോയി ഓടിച്ചിരുന്ന ടൂ വീലറില്‍ പിന്‍സീറ്റ് യാത്രക്കാരനായിരുന്ന ഷൈജു. യാത്രയ്ക്കിടയില്‍ മരം ഒടിഞ്ഞു ഷൈജുവിന്റെ തലയിലേക്ക് വീഴുക ആയിരുന്നു. തല പൊട്ടി റോഡില്‍ വീണ ഷൈജു തത്ക്ഷണം മരിച്ചു. ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് പാലോട് ആശുപത്രിയില്‍ എത്തിച്ചു.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. സംഭവത്തില്‍ പാലോട് പൊലീസ് കേസ് എടുത്തു. ഭാര്യ: സീന, മക്കള്‍: ഫേബ, അബിന്‍.