'അവരുടെ തിട്ടൂരങ്ങള്‍ കാറ്റില്‍പറത്തി, ജാതിയോ മതമോ നോക്കാതെ നിങ്ങള്‍ കലകള്‍ അവതരിപ്പിക്കുക'; സ്‌കൂള്‍ കലോത്സവത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്
തൃശൂര്‍: സമാധാനവും സന്തോഷവും ഇല്ലാതാക്കുന്ന കലാപകാരികളെ ചെറുത്തുതോല്‍പിക്കാനുള്ള നല്ലൊരായുധമാണ് കലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മതനിരപേക്ഷതയും ജനാധിപത്യവും ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് കല പ്രധാനമാണ്. എന്നാല്‍ കലയെ മതത്തിന്റെ കള്ളിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നുമുണ്ട്. മുസ്ലീങ്ങള്‍ ഭരതനാട്യം പഠിക്കരുതെന്നും ഹിന്ദുക്കള്‍ ഒപ്പനയില്‍ പങ്കെടുക്കരുതെന്നും പറഞ്ഞ് കുഴപ്പമുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചതു നമ്മള്‍ കണ്ടതാണ്. അവരുടെ തിട്ടൂരങ്ങള്‍ കാറ്റില്‍ പറത്തി പുതുതലമുറയിലെ പ്രതിഭകള്‍ ജാതിയോ മതമോ നോക്കാതെ കലകള്‍ അവതരിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരില്‍ 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു കാലത്ത് പല കലകളും ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ ഉള്ളില്‍ മാത്രമായി ഒതുങ്ങിനിന്നിരുന്നു. ഫ്യൂഡലിസം അവസാനിച്ച് ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായ പുതിയകാലം പിറന്നതോടെ കലകളുടെ സ്വഭാവത്തില്‍ മാറ്റം വന്നു. എല്ലാ കലകളും എല്ലാവരുടേതും ആയി മാറി.
എന്നാല്‍ ഓരോ കാലത്തും ഏറ്റവും മികച്ച ചില കലാകാരന്മാര്‍ക്കു പോലും അവരുടെ ജാതിയും മതവും പ്രശ്നമായിരുന്നിട്ടുണ്ട്. കലാമണ്ഡലത്തില്‍ ചേര്‍ന്ന് കഥകളി സംഗീതം പഠിച്ച കലാമണ്ഡലം ഹൈദരാലിയെ, കഥകളി സവര്‍ണ ജാതിക്കാരുടെ കലയാണെന്ന് കരുതിയ ചില യാഥാസ്ഥിതികര്‍ വിലക്കാന്‍ നോക്കി. ചില ക്ഷേത്രക്കമ്മിറ്റിക്കാര്‍ അന്യമതസ്ഥനെന്നാരോപിച്ച് അദ്ദേഹത്തെ അകത്തു കയറ്റിയില്ല. ഒരിടത്ത് കഥകളി നടന്മാര്‍ മതിലിനകത്ത് സ്റ്റേജില്‍ ആടുമ്പോള്‍ പാട്ടുകാരനായ ഹൈദരാലിക്കായി മതിലിന്റെ ഒരു ഭാഗം പൊളിച്ച് മതിലിന് പുറത്തായി ഹൈദരാലിക്ക് നിന്ന് പാടാന്‍ പ്രത്യേക ഇടം ഒരുക്കുകയുണ്ടായി. തന്റെ ആത്മകഥയില്‍ ഇത്തരം ദുരനുഭവങ്ങള്‍ അദ്ദേഹം സങ്കടത്തോടെ വിവരിച്ചിട്ടുണ്ട്.
ദൈവത്തിന്റെ പാട്ടുകളാണ് കഥകളി പദങ്ങളായി അദ്ദേഹം പാടിയിരുന്നത്. അദ്ദേഹം നല്ല ഭക്തനുമായിരുന്നു. തന്റേതല്ലാത്ത കാരണത്താല്‍ മറ്റൊരു മതത്തില്‍ പിറന്നു പോയതിന്റെ പേരില്‍ അപമാനിതനാകുന്നത് ഒരു ജനാധിപത്യ സമൂഹത്തില്‍ അംഗീകരിക്കാന്‍ കഴിയില്ല. അതേസമയം നിരവധി ക്ഷേത്രങ്ങള്‍ സന്തോഷത്തോടെ അദ്ദേഹത്തെ പാടാന്‍ അകത്തു കയറ്റിയിട്ടുമുണ്ട്. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ അകത്തിരുന്ന് ഉസ്താദ് ബിസ്മില്ലാ ഖാന്‍ ഷഹനായി വായിച്ചിരുന്ന കാര്യം ഹൈദരാലി എടുത്തു പറഞ്ഞിരുന്നു. കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുത്. കലാകാരന്മാരായി കാണുക. കലയാണ് അവരുടെ മതം.
കേരളത്തില്‍ ഏറ്റവും അധികം പേര്‍ ഏറ്റുപാടിയ മാപ്പിളപ്പാട്ട് നീലക്കുയില്‍ എന്ന സിനിമയിലെ 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വളകിലുക്കിയ സുന്ദരീ' എന്നു തുടങ്ങുന്ന പാട്ടായിരിക്കും. ഇത് എഴുതിയത് തൃശ്ശൂര്‍ ജില്ലക്കാരനായ പി ഭാസ്‌കരന്‍ മാഷാണ്. സംഗീതം നല്‍കി പാടിയത് കെ രാഘവന്‍ മാഷും. ഒരുകാലത്ത് മുസ്ലീങ്ങള്‍ മാത്രം പാടിയിരുന്ന മാപ്പിളപ്പാട്ട് ശീലിലുള്ള ഗാനത്തെയാണ് മുസ്ലീങ്ങള്‍ അല്ലാത്ത ഇവര്‍ ജനകീയമാക്കിയത്. സിനിമയില്‍ ഏറ്റവുമധികം മാപ്പിളപ്പാട്ടുകള്‍ രചിച്ചത് ഭാസ്‌കരന്‍ മാഷും ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രചിച്ചത് വയലാറും ആണ്. മറ്റു മതക്കാരുടെ കൂടി അനുഭൂതികള്‍ സ്വാംശീകരിക്കാനുള്ള വിശാല മനസ്സാണ് നമ്മെ പരിഷ്‌കൃതരും സംസ്‌കാര സമ്പന്നരും ആക്കുന്നത്.
രാജ്യത്ത് കുട്ടികളുടെ ക്രിസ്മസ് കരോളിനു നേരെ പോലും ആക്രമണം നടത്തുന്നു. യുപിയിലും മറ്റും ക്രിസ്മസ് അവധി എടുത്തുകളഞ്ഞു. എവിടെയും മതത്തിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ വര്‍ഗീയവാദികള്‍ ശ്രമിക്കും. സിനിമയിലെ കഥാപാത്രങ്ങള്‍ക്കു പോലും ജാനകിയെന്നും സീതയെന്നും മറ്റും പേരിടാന്‍ സമ്മതിക്കാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. കഥകളിയും മാപ്പിളപ്പാട്ടും ഒപ്പനയും മാര്‍ഗംകളിയുമെല്ലാം എല്ലാ മതത്തിലുംപെട്ട കുട്ടികള്‍ ഒന്നിച്ച് അവതരിപ്പിക്കുന്ന നാടെന്ന പ്രത്യേകത നമുക്കുണ്ട്. കേരളത്തിന്റെ മഹത്തായ സംസ്‌കാരത്തിന്റെ ഭാഗമാണിത്. എക്കാലവും നമുക്ക് അത് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
