കുട്ടിയെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ടു പോയതിനെ ചൊല്ലി തര്‍ക്കം; വഴക്കിനിടെ ബൈക്കിന്റെ താക്കോല്‍ യുവാവിന്റെ കഴുത്തില്‍ കുത്തിയിറക്കി; 35കാരനെ കൊലപ്പെടുത്തിയ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

35കാരനെ കൊലപ്പെടുത്തിയ ബന്ധു അറസ്റ്റില്‍

Update: 2026-01-15 04:01 GMT

ചിറ്റൂര്‍: യുവാവിനെ ബൈക്കിന്റെ താക്കോല്‍ ഉപയോഗിച്ച് കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ബന്ധു അറസ്റ്റില്‍. പൊല്‍പ്പുള്ളി അമ്പലപ്പറമ്പ് സ്വദേശി ശരത് (35) കൊല്ലപ്പെട്ട സംഭവത്തില്‍ ശരത്തിന്റെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവ് പൊല്‍പ്പുള്ളി വടക്കംപാടം വേര്‍കോലി സ്വദേശി പ്രമോദ് കുമാറിനെ (41) ചിറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ പൊല്‍പ്പുള്ളി കെവിഎംയുപി സ്‌കൂളിനു സമീപത്താണ് സംഭവം.

പ്രമോദിന്റെ കുട്ടിയ ശരത് സ്‌കൂളില്‍ നിന്നും വിളിച്ചു കൊണ്ടു പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രമോദും ഭാര്യ രാജിയും വര്‍ഷങ്ങളായി അകന്നുകഴിയുകയായിരുന്നു. രാജിയോടൊപ്പമാണ് മകന്‍ താമസിക്കുന്നത്. അമ്പാട്ടുപാളയത്ത് വാടകയ്ക്കാണ് രാജി താമസിക്കുന്നത്. പൊല്‍പുള്ളി കെവിഎംയുപി സ്‌കൂളില്‍ പഠിക്കുന്ന മകനെ സ്പെഷ്യല്‍ ക്ലാസ് കഴിഞ്ഞതിനുശേഷം വീട്ടിലേക്ക് കൊണ്ടുവരാന്‍ രാജി ശരത്തിനോട് ആവശ്യപ്പെടുകയായിരുന്നു. ശരത് കുട്ടിയുമായി സ്‌കൂളില്‍നിന്ന് മടങ്ങുന്ന സമയത്ത് സ്‌കൂളില്‍ കെട്ടിടനിര്‍മ്മാണജോലി ചെയ്യുകയായിരുന്ന പ്രമോദ് ഇതു ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയുമായിരുന്നു.

വാക്കുതര്‍ക്കത്തിനിടെ പ്രമോദ് കൈയിലുണ്ടായിരുന്ന ബൈക്കിന്റെ താക്കോല്‍ ഉപയോഗിച്ച് ശരത്തിന്റെ കഴുത്തില്‍ ആഞ്ഞുകുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശരത്തിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു. രക്തം വാര്‍ന്നുകിടന്ന ശരത്തിനെ പ്രമോദ് കുമാറും സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരും ചേര്‍ന്ന് ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനമെന്ന് പോലീസ് പറഞ്ഞു. നേരത്തെ ഭാര്യയെ മര്‍ദിച്ച സംഭവത്തില്‍ പ്രമോദിനെതിരെ ചിറ്റൂര്‍ പോലീസ് കേസെടുത്തിരുന്നു.

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ പൊല്‍പ്പുള്ളി പഞ്ചായത്തിലെ ആറാം വാര്‍ഡായ പ്ലാപ്പുള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥിയിരുന്നു പ്രമോദ്. വെല്‍ഡിങ് ജോലിക്കാരനാണ്. പൊല്‍പ്പുള്ളിയില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ് മരിച്ച ശരത്. ഭാര്യ: രാഗി. ഒന്നര വയസ്സുള്ള ഇഷാനി മകളാണ്.

Tags:    

Similar News