പൂട്ടുപൊളിച്ച് വീട്ടില്‍ കയറി കള്ളന്‍; മോഷ്ടിച്ചത് മുക്കുപണ്ടങ്ങളെന്ന് വീട്ടുടമ
പൂട്ടുപൊളിച്ച് വീട്ടില്‍ കയറി കള്ളന്‍; മോഷ്ടിച്ചത് മുക്കുപണ്ടങ്ങളെന്ന് വീട്ടുടമ
പാലക്കാട്: കൊടുമുണ്ട നാടപറമ്പിലെ വീട്ടില്‍ പൂട്ടുപൊളിച്ച് കയറിയ കള്ളന്‍ മോഷ്ടിച്ചത് മുക്കുപണ്ടങ്ങള്‍. പരുതൂര്‍ കൊടുമുണ്ട ഉരുളാന്‍പടി തീണ്ടാംപാറ വീട്ടില്‍ മുജീബ് റഹ്‌മാന്റെ വീട്ടില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് മോഷണം നടന്നത്. അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്നു. ഇതു മുക്കുപണ്ടമാണെന്ന് ഉടമ പറഞ്ഞു. വീട്ടില്‍ ആരുംഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്.
മുജീബ് റഹ്‌മാന്‍ തൃത്താല പോലീസില്‍ പരാതി നല്‍കി. അര്‍ധരാത്രിയിലെത്തിയ മോഷ്ടാവ് പ്രദേശത്ത് ചുറ്റിക്കറങ്ങുന്നതും വാഹനങ്ങള്‍ വരുമ്പോള്‍ ഒളിച്ചുനില്‍ക്കുന്നതും നിരീക്ഷണക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പരാതിയില്‍ തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു. നാടപറമ്പ് ഹൈസ്‌കൂളിനുസമീപത്തെ വ്യാപാരസ്ഥാപനത്തിലും തൊട്ടടുത്ത വീട്ടിലും മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതായി പോലീസ് പറഞ്ഞു.
പരുതൂര്‍ കൊടുമുണ്ടയിലും പരിസരപ്രദേശങ്ങളിലും മോഷ്ടാക്കളുടെ ശല്യം വര്‍ധിക്കുന്നതായി പരാതിയുണ്ട്. ഇതേത്തുടര്‍ന്ന് തൃത്താല പോലീസിന്റെ നേതൃത്വത്തില്‍ നാടപറമ്പില്‍ ജാഗ്രതാസമിതി യോഗം വിളിച്ചുചേര്‍ത്തു. മേഖലയില്‍ പോലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ പോലീസിനെ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.