15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ഫീസ് കുത്തനെ കുറച്ചു; നിരക്കില്‍ പകുതിയോളം കുറവ് വരുത്തി സര്‍ക്കാര്‍
15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ഫീസ് കുറച്ചു
തിരുവനന്തപുരം: 15 വര്‍ഷത്തിലധികം പഴക്കമുള്ള മോട്ടര്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ഫീസ് കുത്തനെ കുറച്ച് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച നിരക്കില്‍ ഏകദേശം 50 ശതമാനത്തോളം കുറവ് വരുത്തി ഗതാഗതവകുപ്പ് പുതിയ വിജ്ഞാപനമിറക്കി. പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതായി സര്‍ക്കാര്‍ അറിയിച്ചു. ഫീസ് വര്‍ധന പൊതുജനങ്ങള്‍ക്ക് അമിത സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന നിവേദനങ്ങള്‍ പരിഗണിച്ചാണ് ഗതാഗതവകുപ്പിന്റെ നടപടി.
2025ലെ കേന്ദ്ര മോട്ടര്‍വാഹന നിയമഭേദഗതിയുടെ അടിസ്ഥാനത്തില്‍ 10,15, 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് ഫീസ് കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചിരുന്നു. 1989 ലെ കേന്ദ്ര മോട്ടര്‍വാഹന ചട്ടം 81ലെ ഒന്നാം വ്യവസ്ഥ പ്രകാരം ഫീസില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. ഇതുപയോഗിച്ചാണ് 15 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ആശ്വാസകരമായ ഇളവ് പ്രഖ്യാപിച്ചത്. വാഹനത്തിന്റെ വിഭാഗവും പഴക്കവുമനുസരിച്ചാണ് ഫീസ് ഘടന ക്രമീകരിച്ചിരിക്കുന്നത്.
(വാഹനം വര്‍ഷം നിരക്ക്)
* മോട്ടര്‍ സൈക്കിള്‍: 1520: 500
* മുച്ചക്രവാഹനം: 1520: 600
* ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍: 1520: 1000
* ഹെവി വാഹനങ്ങള്‍: 1520: 1000
20 വര്‍ഷത്തിനു മുകളിലുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നിരക്ക്:
*മോട്ടര്‍ സൈക്കിള്‍ 500,
*മുച്ചക്രവാഹനം1000,
*ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍1300,
*ഹെവി വാഹനം1500