കാലിലെ മുറിവ് കെട്ടിയ തുണിക്കൊപ്പം സര്‍ജിക്കല്‍ ബ്ലേഡ്; പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം

പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം

Update: 2026-01-18 02:31 GMT

ശബരിമല: പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ കാലിലെ മുറിവ് കെട്ടിയപ്പോള്‍ അതിനൊപ്പം സര്‍ജിക്കല്‍ ബ്ലേഡും കുടുങ്ങിയെന്ന് ആക്ഷേപം. ശബരിമല തീര്‍ഥാടകയായ നെടുമ്പാശ്ശേരി മൂഴിക്കല്‍ശാല ശ്രീലകം വീട്ടില്‍ പ്രീതാ ബാലചന്ദ്രന്‍ (55)ആണ് ഗുരുതര ചികിത്സാ പിഴവുണ്ടായതായി പരാതി നല്‍കിയത്. പരാതി ലഭിച്ചതായും പരിശോധിച്ചുവരുന്നതായും പത്തനംതിട്ട ഡിഎംഒ അറിയിച്ചു. ജനുവരി 15-നാണ് സംഭവം.

പന്തളത്തുനിന്നുംതിരുവാഭണത്തിനൊപ്പം ഇവര്‍ കാല്‍നടയായി സഞ്ചരിച്ചിരുന്നു. 14-ന് അയിരൂര്‍ എത്തിയപ്പോള്‍ ഇടത് കാല്‍പ്പാദത്തില്‍ രണ്ട് കുമിളകള്‍ ഉണ്ടായി. നടക്കാന്‍ വിഷമം വന്നതോടെ ബസില്‍ പമ്പയ്ക്ക് പോയി. പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി മുറിവ് ഡ്രസ് ചെയ്തു. 15-ന് മടക്കത്തില്‍ വീണ്ടും പമ്പ ആശുപത്രിയില്‍ കയറി. പുലര്‍ച്ചെയായിരുന്നു ഇത്. ഡോക്ടറെ കാണിച്ചപ്പോള്‍ വീണ്ടും ഡ്രസ് ചെയ്യാന്‍ പറഞ്ഞു.

ഈ സമയം നഴ്‌സുമാര്‍ ഇല്ലായിരുന്നുവെന്നും നഴ്‌സിങ് അസിസ്റ്റന്റാണ് വന്നതെന്നും ഇവര്‍ പറയുന്നു. ജീവനക്കാരന്‍ കുമിള പൊട്ടിച്ചു. അപ്പോള്‍ വലിയ വേദനയുണ്ടായി. തുടര്‍ന്ന് ഡ്രസിങ്ങിന് ശ്രമിച്ചപ്പോള്‍ ശരിയായല്ലെന്ന് തോന്നി. ഇതോടെ അത്യാവശ്യം ചികിത്സ ചെയ്ത് വിടാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ മുറിവില്‍ ഓയിന്റ്‌മെന്റ് പുരട്ടി തുണി ചുറ്റിക്കെട്ടി. പിറ്റേന്ന് വലിയ വേദനയുണ്ടായി. തുറന്ന് നോക്കിയപ്പോള്‍ കെട്ടിനുള്ളില്‍ സര്‍ജിക്കല്‍ ബ്ലേഡും കണ്ടെത്തി. തുണി മുറിക്കാന്‍ വെച്ചിരുന്ന ബ്ലേഡ് തുണി ഒട്ടിക്കുന്ന പ്ലാസ്റ്ററിനോട് ഒട്ടിപ്പോയത് ശ്രദ്ധയില്‍പ്പെടാതെ പോയതാകാം എന്നാണ് ആശുപത്രി നല്‍കുന്ന വിശദീകരണം.

Tags:    

Similar News