വീട്ടുകാരുടെ നിലവിളി കേട്ട് ജീപ്പ് നിര്‍ത്തി; കിണറ്റില്‍ വീണ നാലു വയസുകാരനെ അദ്ഭുതകരമായി രക്ഷപ്പെടുത്തി മൂവാറ്റുപുഴ എസ്‌ഐയും സംഘവും
കിണറ്റിൽ വീണ നാലു വയസ്സുകാരന് രക്ഷകനായി എസ്ഐ
മൂവാറ്റുപുഴ: വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ നാലു വയസ്സുകാരനെ മൂവാറ്റുപുഴ എസ്‌ഐയും സംഘവും നാട്ടുകാരും ചേര്‍ന്ന് അദ്ഭുതകരമായി രക്ഷപ്പെടുത്തി. പേഴക്കാപ്പിള്ളി പുഞ്ചേരി ഭാഗത്താണ് സഭവം. പോലിസ് സംഘം പുഞ്ചേരി ഭാഗത്ത് പരാതി അന്വേഷിക്കാനായി എത്തിയപ്പോള്‍ വീട്ടുകാരുടെ നിലവിളി കേട്ട് ജീപ്പ് നിര്‍ത്തി കാര്യം തിരക്കി. അപ്പോഴാണ് കുട്ടി കിണറ്റില്‍ വീണ വിവരം അറിയുന്നത്.
ഉടന്‍ തന്നെ മൂവാറ്റുപുഴ എസ്‌ഐ അതുല്‍ പ്രേം ഉണ്ണി സ്വന്തം ജീവന് വില കല്‍പിക്കാതെ കിണറ്റിലേക്ക് ഇറങ്ങുകയും മുങ്ങിത്താഴ്ന്ന കുട്ടിയെ കിണറില്‍ നിന്ന് കോരിയെടുക്കുകയുമായിരുന്നു. എസ്‌ഐക്കൊപ്പം ഉണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രഞ്ജിത്ത് രാജനും പിന്നാലെ കിണറ്റില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തി. ഒപ്പമുണ്ടായിരുന്നു എഎസ്‌ഐ കെ.എസ്.ഷിനു നാട്ടുകാരെ വിളിച്ചു ചേര്‍ത്ത് കയറും ഗോവണിയും ഇറക്കി നല്‍കി കുട്ടിയെ പുറത്തെത്തിച്ചു.
കുട്ടിയെ ഉടന്‍ തന്നെ പോലിസ് ജീപ്പില്‍ കയറ്റി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. പൂഞ്ചേരി ഭാഗത്തുള്ള താന്നിച്ചുവട്ടില്‍ വീട്ടില്‍ ഷിഹാബിന്റെ മകനാണ് പൊലീസിന്റെ അവസരോചിതമായ ഇടപെടലിലൂടെ പുതുജീവന്‍ ലഭിച്ചത്.