തുണിക്കടയില്‍ കയറി ജീവനക്കാരിയുടെ മുഖം കത്തികൊണ്ട് കീറി 19-കാരി; മകന്‍ സ്‌നേഹിക്കുന്ന കുട്ടിയാണ് ആക്രമിച്ചതെന്ന് യുവതി; വയനാടിനെ നടുക്കിയ ക്രൂരത

Update: 2026-01-21 11:43 GMT

കല്‍പറ്റ: വയനാട് കല്‍പ്പറ്റയില്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരെ 19കാരിയുടെ ആക്രമണം. പൊഴുതന സ്വദേശി നുസ്രത്തിനെ ആണ് കല്‍പറ്റയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിനുള്ളില്‍ വച്ച് കത്തി കൊണ്ട് ആക്രമണം നേരിടേണ്ടി വന്നത്. പഴയ വൈത്തിരി സ്വദേശിയായ തീര്‍ത്ഥ എന്ന 19കാരിയാണ് ആക്രമണം നടത്തിയത്. ജോലി സമയത്ത് ഷോറൂമില്‍ എത്തിയാണ് യുവതി കറിക്കത്തി ഉപയോഗിച്ച് കുത്തിയത്. മുഖത്ത് കുത്തേറ്റ നുസ്രത്ത് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

നുസ്രത്തിന്റെ മകനുമായി ഉണ്ടായിരുന്ന പ്രണയബന്ധത്തെ ചൊല്ലിയുള്ള പ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്ന് സൂചന. മകന്‍ സ്‌നേഹിക്കുന്ന കുട്ടിയാണ് ആക്രമിച്ചതെന്നും നേരിട്ട് കാണുന്നത് ആദ്യമായാണെന്നുമാണ് നുസ്രത്ത് പ്രതികരിക്കുന്നത്.ജോലി സമയത്ത് കസ്റ്റമര്‍ ഉണ്ടായിരുന്ന സമയത്താണ് 19കാരി സമീപിക്കുന്നത്. രണ്ട് മിനിറ്റ് സംസാരിക്കണം എന്നായിരുന്നു തീര്‍ത്ഥ ആവശ്യപ്പെട്ടത്.

കസ്റ്റമര്‍ ഉള്ളതിനാല്‍ കാത്തിരിക്കാന്‍ പറഞ്ഞ ശേഷം തിരിഞ്ഞപ്പോഴായിരുന്നു തീര്‍ത്ഥ കത്തിയെടുത്ത് കുത്തിയത്. എന്തിനാണ് കുത്തിയതെന്ന് അറിയില്ലെന്നും നുസ്രത്ത് പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. തീര്‍ത്ഥയ്ക്കും മകനും ഇടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് അറിയില്ല. വൈരാഗ്യമുള്ളതായും അറിയില്ലെന്നാണ് നുസ്രത്ത് പറയുന്നത്.

Similar News