വീട്ടുമുറ്റത്ത് സംസാരിച്ചു കൊണ്ട് നില്‍ക്കെ കാല്‍ വഴുതി കിണറ്റില്‍ വീണു; രക്ഷിക്കാനിറങ്ങിയ അയല്‍വാസിയും കിണറ്റില്‍ കുടുങ്ങി: ഇരുവരേയും ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

കാല്‍ വഴുതി കിണറ്റില്‍ വീണു; ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

Update: 2026-01-24 00:19 GMT

തിരുവനന്തപുരം: കിണറ്റില്‍ വീണ യുവാവിനെയും രക്ഷിക്കാന്‍ പിന്നാലെ ഇറങ്ങിയ അയല്‍വാസിയേയും ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. കടയ്ക്കാവൂര്‍ പഞ്ചായത്തില്‍ തിനവിള അപ്പൂപ്പന്‍ നടയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിന്നും സംസാരിച്ച സുനി എന്ന യുവാവാണ് കാല്‍വഴുതി കിണറ്റില്‍ വീണത്. 30 അടി താഴ്ചയും 10 അടിയോളം വെള്ളവുമുള്ള കിണറായിരുന്നു ഇത്. സുനി കിണറ്റില്‍ വീണതോടെ വീട്ടുകാര്‍ ബഹളം വെച്ച്. കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടി.

ഇതില്‍ ചിലര്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ആറ്റിങ്ങല്‍ അഗ്‌നി രക്ഷാ സേന ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ സി ആര്‍ ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഫയര്‍ഫോഴ്‌സ് എത്തും മുന്നേയാണ് സുനിയെ രക്ഷപെടുത്താന്‍ അയല്‍വാസിയായ യുവാവും കിണറ്റിലിറങ്ങിയത്. ഇദ്ദേഹവും കിണറില്‍ അകപ്പെട്ടു. ഇതോടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നെറ്റും റോപ്പും ഉള്‍പ്പടെ കിണറ്റിലേക്കിറക്കി ഇരുവരേയും കരക്കെത്തിച്ചു. കിണറിന്റെ ആള്‍മറ ചെറുതായതാണ് അപകട കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീഴ്ചയില്‍ കൈക്ക് പരിക്കേറ്റ സുനിയെ അഗ്‌നി രക്ഷാ സേനയുടെ ആംബുലന്‍സില്‍ വലിയകുന്ന് ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

Tags:    

Similar News