ശബരിമല സ്വര്‍ണ്ണക്കൊള്ള: 'ഞാന്‍ അയ്യപ്പഭക്തന്‍, കൊള്ളയില്‍ പങ്കില്ല'; ജാമ്യം തേടി ബെള്ളാരിയിലെ ജ്വല്ലറിയുടമ ഗോവര്‍ധന്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ ബെള്ളാരിയിലെ ജ്വല്ലറിയുടമ ഗോവര്‍ധന്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഗോവര്‍ധന്‍ പരമോന്നത കോടതിയില്‍ ഹര്‍ജി നല്‍കിയത്. താന്‍ തീവ്രമായ അയ്യപ്പ ഭക്തനാണെന്നും സ്വര്‍ണ്ണക്കൊള്ളയില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും ജാമ്യഹര്‍ജിയില്‍ ഇയാള്‍ അവകാശപ്പെടുന്നു. ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണ്ണപ്പാളിയുമായി ബന്ധപ്പെട്ട കേസില്‍ 13-ാം പ്രതിയും കട്ടിളപ്പാളി കേസില്‍ 10-ാം പ്രതിയുമാണ് ഗോവര്‍ധന്‍.
2019-ല്‍ ദ്വാരപാലക ശില്പങ്ങളുടെ അറ്റകുറ്റപ്പണിക്ക് ശേഷം ബാക്കിയുണ്ടായിരുന്ന 474.97 ഗ്രാം സ്വര്‍ണ്ണം വാങ്ങിയതിന് പകരമായി 9.99 ലക്ഷം രൂപ ഡിമാന്‍ഡ് ഡ്രാഫ്റ്റുകളായി ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും ശ്രീ ധര്‍മ്മശാസ്ത അന്നദാന ട്രസ്റ്റിനും നല്‍കിയിട്ടുണ്ടെന്നാണ് ഗോവര്‍ധന്റെ വാദം. ഇതിന് പുറമെ 2.7 ലക്ഷം രൂപയുടെ സ്വര്‍ണ്ണഹാരം മാളികപ്പുറത്തമ്മയ്ക്ക് സമര്‍പ്പിച്ചതായും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക സാമ്പിളുകള്‍ തിരുവനന്തപുരത്തെ വി.എസ്.എസ്.സിയില്‍ (ഢടടഇ) പരിശോധനയ്ക്ക് അയച്ചു. നേരത്തെ നടത്തിയ പ്രാഥമിക പരിശോധനയില്‍ സ്വര്‍ണ്ണ സാമ്പിളുകളുടെ കൃത്യമായ കാലപ്പഴക്കം വ്യക്തമാകാത്തതിനെ തുടര്‍ന്നാണ് വിപുലമായ പരിശോധനയ്ക്കായി വി.എസ്.എസ്.സിയുടെ സഹായം തേടിയത്. നടന്‍ ജയറാമിനെ കേസില്‍ സാക്ഷിയാക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.