ബിജെപിയെ കൈപിടിച്ചുയര്‍ത്തുന്നത് കോണ്‍ഗ്രസ്; 'മറ്റത്തൂര്‍ മോഡല്‍' നിയമസഭയിലും ആവര്‍ത്തിക്കാന്‍ നീക്കം; സുരേന്ദ്രന്റെ വെളിപ്പെടുത്തലില്‍ സണ്ണി ജോസഫ് മൗനം പാലിച്ചത് കൂട്ടുകെട്ടിന് തെളിവ്: ആഞ്ഞടിച്ച് എം.വി. ഗോവിന്ദന്‍

Update: 2026-02-03 06:38 GMT

കാസര്‍കോട്: കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനും അധികാരം പിടിക്കാനും കോണ്‍ഗ്രസ് പച്ചക്കൊടി കാട്ടുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എല്‍.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി കാസര്‍കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമി 'ക' ലിറ്റററി ഫെസ്റ്റിവലില്‍ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങളും അതിനോട് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പുലര്‍ത്തിയ മൗനവും ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവറാണെന്ന് അദ്ദേഹം ആരോപിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മറ്റത്തൂരില്‍ എട്ട് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നതും കോണ്‍ഗ്രസ് പിന്തുണയോടെ ബിജെപി ഭരണം പിടിച്ചതും സുരേന്ദ്രന്‍ ചര്‍ച്ചയില്‍ ആയുധമാക്കി. 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന് സുരേന്ദ്രന്‍ പറയുന്നത് കോണ്‍ഗ്രസ് വോട്ട് മറിക്കുമെന്ന ഉറപ്പിലാണ്. ഇതിനെതിരെ ഒരക്ഷരം മിണ്ടാന്‍ സണ്ണി ജോസഫ് തയ്യാറായില്ല. യുഡിഎഫും ബിജെപിയും തമ്മിലുള്ള രഹസ്യ ബാന്ധവം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ അപകടമുണ്ടാക്കുമെന്നും ഗോവിന്ദന്‍ മുന്നറിയിപ്പ് നല്‍കി.

നേമത്ത് ബിജെപി ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോയതും, തൃശൂരില്‍ കോണ്‍ഗ്രസിന് വോട്ട് ചോര്‍ന്നതും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 41 ഡിവിഷനുകളില്‍ ബിജെപി ജയിച്ചത് കോണ്‍ഗ്രസ് സഹായത്തോടെയാണ്. ജമാഅത്തെ ഇസ്ലാമി ബന്ധവും ബിജെപി ബന്ധവും ഒരേപോലെ കൊണ്ടുപോകുന്ന കോണ്‍ഗ്രസ് രീതി കേരളത്തിലെ മതനിരപേക്ഷതയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Similar News