കെഎസ്ആര്‍ടിസിയെ കളിപ്പിച്ചു; 12 കിലോമീറ്റര്‍ 'ഷോ' കാണിച്ച കാര്‍ ഡ്രൈവര്‍ കുടുങ്ങി; ലൈസന്‍സ് തെറിച്ചു, ഇനി അഞ്ചുദിവസം എടപ്പാളില്‍ പോയി പഠിക്കണം
കാസര്‍കോട്: റോഡില്‍ കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അഭ്യാസപ്രകടനം നടത്തി ഗതാഗത തടസ്സമുണ്ടാക്കിയ കാര്‍ ഡ്രൈവര്‍ക്ക് എട്ടിന്റെ പണി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. ചെറുവത്തൂര്‍ തിമിരി സ്വദേശിയായ ഷാഹിദ് ഷുഹൈലിന്റെ (29) ഡ്രൈവിംഗ് ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. ലൈസന്‍സ് റദ്ദാക്കിയതിന് പുറമെ, എടപ്പാള്‍ ഡ്രൈവര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഞ്ചുദിവസത്തെ നിര്‍ബന്ധിത പരിശീലനത്തിനും ഇയാള്‍ ഹാജരാകണം.
കഴിഞ്ഞ ഞായറാഴ്ച കാസര്‍കോട് നിന്ന് കാഞ്ഞങ്ങാടേക്ക് വരികയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിന് മുന്നിലായിരുന്നു ഷാഹിദിന്റെ അപകടകരമായ ഡ്രൈവിംഗ്. ഏകദേശം 12 കിലോമീറ്ററോളം ദൂരം ബസിനെ മറികടക്കാന്‍ അനുവദിക്കാതെയും ബസിന് തൊട്ടുമുന്നില്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടും ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ബസിലെ യാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
വീഡിയോ സഹിതം കെഎസ്ആര്‍ടിസി അധികൃതര്‍ നല്‍കിയ പരാതിയില്‍ കാഞ്ഞങ്ങാട് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പ്രവീണ്‍ കുമാര്‍, കെ. അഭിലാഷ് എന്നിവര്‍ അന്വേഷണം നടത്തി നടപടിക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്ക് പുറമെ, കോടതിയില്‍ വലിയ തുക പിഴയായും ഇയാള്‍ ഒടുക്കേണ്ടി വരും. റോഡിലെ ഇത്തരത്തിലുള്ള ഗുണ്ടാവിളയാട്ടങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.