രോഗികള്‍ പെരുവഴിയില്‍; മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണത്തില്‍ വലഞ്ഞ് ആരോഗ്യ കേരളം

Update: 2026-02-03 07:24 GMT

കോട്ടയം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന ഒപി ബഹിഷ്‌കരണ സമരം സാധാരണക്കാരായ രോഗികളുടെ ജീവിതം ദുസ്സഹമാക്കുന്നു. ശമ്പള പരിഷ്‌കരണ കുടിശികയും എന്‍ട്രി കേഡറിലെ ശമ്പള കുറവും ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (ഗഏങഇഠഅ) നടത്തുന്ന സമരം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെയാണ് ചികിത്സാ സംവിധാനങ്ങള്‍ താളംതെറ്റിയത്.

ടിക്കറ്റെടുത്തു, പക്ഷേ ഡോക്ടറെ കണ്ടില്ല! സമരം ശക്തമായതോടെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ഒപിയില്‍ നിന്ന് വിട്ടുനിന്നു. പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും ഒപി നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും മുതിര്‍ന്ന സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭിക്കാതെ നൂറുകണക്കിന് രോഗികളാണ് മടങ്ങിയത്. ഇ-ഹെല്‍ത്ത് പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ മാത്രം ഒപി ടിക്കറ്റെടുത്ത 1757 പേരില്‍ പകുതിയോളം പേര്‍ക്കും (955 പേര്‍ക്ക് മാത്രം ചികിത്സ ലഭിച്ചു) ഡോക്ടറെ കാണാന്‍ സാധിച്ചില്ല. ദൂരസ്ഥലങ്ങളില്‍ നിന്ന് പുലര്‍ച്ചെയെത്തി ഒപി ടിക്കറ്റെടുത്തവര്‍ മണിക്കൂറുകളോളം വരി നിന്ന് ഒടുവില്‍ നിരാശരായി മടങ്ങേണ്ടി വന്നു.

ശസ്ത്രക്രിയകളും മുടങ്ങിയേക്കും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ ഒരാഴ്ചയായി മുടങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ ഈ മാസം ഒമ്പതാം തീയതി മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റു ചികിത്സകളും നിര്‍ത്തിവയ്ക്കാനാണ് സംഘടനയുടെ തീരുമാനം. 11-ാം തീയതി മുതല്‍ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കും. ഇതോടെ സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയും ചികിത്സാ രംഗവും പൂര്‍ണ്ണമായും സ്തംഭിക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.

Similar News