കുഞ്ഞികൃഷ്ണന്‍ അടഞ്ഞ അധ്യായം; പുസ്തകത്തില്‍ തോന്ന്യാസം എഴുതിയാല്‍ കേസ് കൊടുക്കും; പയ്യന്നൂരില്‍ വിട്ടുവീഴ്ചയില്ലാതെ എം.വി. ഗോവിന്ദന്‍
കണ്ണൂര്‍: സി.പി.എം പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയിലെ ഫണ്ട് വിവാദത്തിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്തായ വി. കുഞ്ഞികൃഷ്ണനെതിരെ കടുത്ത മുന്നറിയിപ്പുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. കുഞ്ഞികൃഷ്ണന്‍ പുറത്തിറക്കാന്‍ പോകുന്ന പുസ്തകത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയോ പ്രസ്ഥാനത്തിനെതിരെയോ 'തോന്ന്യാസങ്ങള്‍' എഴുതിപ്പിടിപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എല്‍.ഡി.എഫ് വികസന മുന്നേറ്റ യാത്രയുടെ ഭാഗമായി പഴയങ്ങാടിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഗോവിന്ദന്‍ മാസ്റ്റര്‍ നിലപാട് കടുപ്പിച്ചത്.
വി. കുഞ്ഞികൃഷ്ണന്‍ എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് ഇനി ചര്‍ച്ച ചെയ്യേണ്ടതില്ലാത്ത ഒരു 'അടഞ്ഞ അധ്യായം' ആണെന്ന് അദ്ദേഹം പറഞ്ഞു. പയ്യന്നൂരിലെ പാര്‍ട്ടിയെ തകര്‍ക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്കൊപ്പം ചേര്‍ന്ന് കുഞ്ഞികൃഷ്ണന്‍ പ്രവര്‍ത്തിച്ചു. ഇത്തരം ആളുകളെ കുറച്ചുകാലം മാധ്യമങ്ങള്‍ തോളിലേറ്റി നടക്കും, പിന്നീട് ഉപയോഗം കഴിയുമ്പോള്‍ വലിച്ചെറിയും. കുഞ്ഞികൃഷ്ണന്റെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നത് ഇതാണെന്നും എം.വി. ഗോവിന്ദന്‍ പരിഹസിച്ചു.
ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം ഉയര്‍ത്തിക്കാട്ടി പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ കുഞ്ഞികൃഷ്ണന്‍ ആരാണെന്നും അദ്ദേഹം ചോദിച്ചു. രക്തസാക്ഷി ഫണ്ട് സംബന്ധിച്ച കൃത്യമായ നിലപാട് ജനങ്ങളോട് പറയും. ജനങ്ങള്‍ കൂടെ നില്‍ക്കുമ്പോഴാണ് പ്രസ്ഥാനമുണ്ടാകുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം പയ്യന്നൂരില്‍ വിജയിക്കില്ല. പുസ്തകം എഴുതാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്, എന്നാല്‍ അത് പാര്‍ട്ടിയെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താനാണെങ്കില്‍ ശക്തമായ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
'പുസ്തകം ഇറങ്ങുന്നതിന് ധനരാജ് രക്തസാക്ഷി ഫണ്ട് അവതരിപ്പിക്കാന്‍ മനസില്ല ഈ കാര്യം ജനങ്ങളോട് പറയും. ജനങ്ങളും കൂടെ ചേരുമ്പോഴാണ് പാര്‍ട്ടിയുണ്ടാകുന്നത്. കുഞ്ഞികൃഷ്ണന്റെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തില്‍ തന്നെ കുറിച്ചോ പാര്‍ട്ടി നേതാക്കളെ കുറിച്ച് എന്തെങ്കിലും തോന്ന്യാസങ്ങള്‍ എഴുതിവക്കാന്‍ കേസ് കൊടുക്കും. ഈ കാര്യം തീരുമാനിച്ചതാണെന്നു എം.വി ഗോവിന്ദന്‍ പറഞ്ഞു.
