യന്ത്രത്തകരാറും അനാസ്ഥയും മൂലം ബസ് യാത്ര മുടങ്ങി; യാത്രക്കാരന് ബസ് ഉടമ 47,174 രൂപ നഷ്ടപരിഹാരം നല്‍കണം
ബസ് യാത്ര മുടങ്ങി; യാത്രക്കാരന് ബസ് ഉടമ 47,174 രൂപ നഷ്ടപരിഹാരം നല്‍കണം
കൊച്ചി: ബസ് യാത്രയ്ക്കിടെ ബസ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയും മൂലം യാത്രമുടങ്ങിയ സംഭവത്തില്‍ ഉദ്യോഗാര്‍ത്ഥിക്ക് ട്രാവല്‍സ് ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍. കാക്കനാട് സ്വദേശികളായ അനില്‍ ബേബി, ഭാര്യ സ്നേഹ റോസ് കുര്യന്‍ എന്നിവര്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീവിനായക ട്രാവല്‍സിനെതിരേ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
2023 മേയ് 20-നാണ് സംഭവം. ബെംഗളൂരുവില്‍ നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കാനായി അനില്‍ ബേബിയും സ്‌നേഹയും ശ്രീവിനായക ട്രാവല്‍സില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പാലക്കാടുവെച്ച് ബസിന്റെ ടയര്‍ പഞ്ചറായി. പിന്നീട് വാളയാര്‍ ചെക്ക് പോസ്റ്റില്‍ നികുതി കുടിശ്ശിക കാരണം ബസ് തടഞ്ഞതും തുടര്‍ന്നുണ്ടായ യന്ത്രത്തകരാറുകളും കാരണം യാത്ര തടസ്സപ്പെട്ടു. ഇതോടെ പരീക്ഷയ്ക്ക് എത്താന്‍ പറ്റാത്ത അവസ്ഥയായി. തുടര്‍ന്ന് കൃത്യസമയത്ത് പരീക്ഷാഹാളിലെത്താന്‍ ദമ്പതിമാര്‍ക്ക് കോയമ്പത്തൂരില്‍നിന്ന് 14,000 രൂപ നല്‍കി ടാക്സി വിളിക്കേണ്ടിവന്നു.
തുടര്‍ന്ന് നഷ്ടപരിഹാരം തേടി ഉപഭോക്താക്കള്‍ കമ്മിഷനെ സമീപിക്കുക ആയിരുന്നു. സേവനം നല്‍കുന്നതില്‍ ട്രാവല്‍ ഉടമയുടെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായതായി ഡിബി ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. ടിക്കറ്റിനായി ചെലവാക്കിയ 3,174 രൂപയും, അടിയന്തരയാത്രയ്ക്ക് ചെലവായ 14,000 രൂപയും ഉള്‍പ്പെടെ 17,174/ രൂപ തിരികെ നല്‍കണം. കൂടാതെ, ദമ്പതിമാര്‍ക്കുണ്ടായ മാനസികവിഷമത്തിനും ബുദ്ധിമുട്ടുകള്‍ക്കും കോടതിച്ചെലവിനും 30,000 രൂപ നഷ്ടപരിഹാരവും 45 ദിവസത്തിനകം നല്‍കാന്‍ ഉത്തരവായി. പരാതിക്കാര്‍ക്കുവേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.