സംസ്ഥാനത്ത് അവയവദനാത്തില്‍ നേരിയ വര്‍ധനവ്; കഴിഞ്ഞ വര്‍ഷം വൃക്ക ദാനം ചെയ്തത് 42 പേര്‍: 21 പേര്‍ കരളും ഏഴു പേര്‍ ഹൃദയവും ദാനം ചെയ്തു

സംസ്ഥാനത്ത് അവയവദനാത്തില്‍ നേരിയ വര്‍ധനവ്

Update: 2026-02-05 04:27 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവദനാത്തില്‍ നേരിയ വര്‍ധനവ്. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റേഷന്‍ ഓര്‍ഗനൈസേഷന്റെ (കെ സോട്ടോ) കണക്കുപ്രകാരമാണിത്. കഴിഞ്ഞവര്‍ഷം 42 പേര്‍ വൃക്കദാനംചെയ്തു. 45 പേര്‍ കോര്‍ണിയ നല്‍കി. കരള്‍ 21 പേരും ഹൃദയം ഏഴുപേരും നല്‍കിയപ്പോള്‍ രണ്ടുപേര്‍ കൈ ദാനംചെയ്തു.

ഇതിനുമുന്‍പ് 2020-ലാണ് 41 പേര്‍ വൃക്ക ദാനംചെയ്തത്. കൈദാനം ഏറ്റവുമധികം നടന്നത് 2022-ല്‍ ആയിരുന്നു, ആറുപേര്‍. കൈ ഒഴികെ ബാക്കി എല്ലാ അവയവങ്ങളുടെയും ദാനം കൂടുതല്‍ നടന്നത് കഴിഞ്ഞവര്‍ഷമാണ്. അവയവദാനത്തിന്റെ എണ്ണത്തില്‍ വര്‍ധനയുള്ളപ്പോഴും തൊട്ടടുത്ത സംസ്ഥാനങ്ങളായ തമിഴ്നാടിനെയും കര്‍ണാടകത്തെയും അപേക്ഷിച്ച് കേരളം ഏറെ പിന്നിലാണ്.

നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ വെബ്സൈറ്റ് വഴി 2023 മുതല്‍ 2025 വരെ കേരളത്തില്‍ 10,436 പേര്‍ മരണാനന്തര അവയവദാനത്തിന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. മരണാനന്തരം അവയവങ്ങള്‍ ദാനംചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് വെബ്സൈറ്റ് വഴി സന്നദ്ധത രജിസ്റ്റര്‍ചെയ്യാം. കേരളത്തില്‍ അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം സന്നദ്ധതയറിയിച്ചവരുടെ എണ്ണത്തെക്കാള്‍ പത്തിരട്ടിയിലേറെയാണ്.

Tags:    

Similar News