ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് അടിയേറ്റു; കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ പാപ്പാന്‍ കൊല്ലപ്പെട്ടു
തിരുവനന്തപുരം: കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ ആനയുടെ അടിയേറ്റ് ഒന്നാം പാപ്പാന്‍ മരിച്ചു. ബാലരാമപുരം സ്വദേശി വിഷ്ണുവാണ് (30) മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് നെയ്യാര്‍ ഡാം റിസര്‍വോയറില്‍ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു ദാരുണമായ സംഭവം.
കുളിപ്പിക്കുന്നതിനിടെ പ്രകോപിതനായ ആന വിഷ്ണുവിനെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ കുറച്ചു കാലമായി കോട്ടൂരിലെ ആന പരിശീലന കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു വിഷ്ണു.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വനംവകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.