ജയില്‍ അന്തേവാസികളുടെ വേതനവര്‍ധന: ഹൈക്കോടതി പൊതുതാല്‍പര്യ ഹര്‍ജി തള്ളി

Update: 2026-02-06 06:38 GMT

കൊച്ചി: സംസ്ഥാനത്തെ ജയില്‍ അന്തേവാസികളുടെ വേതനം വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. വേതനവര്‍ധനവ് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും ഇതില്‍ ഇടപെടാന്‍ മതിയായ കാരണങ്ങളില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

തടവുകാരുടെ വേതനവര്‍ധന കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും അവരുടെ അന്തസ്സും പുനരധിവാസവും ഉറപ്പാക്കുന്ന നടപടിയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഏഴു വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ജയില്‍ അന്തേവാസികളുടെ കൂലി പരിഷ്‌കരിക്കുന്നത്.

ജനുവരി 15-നാണ് ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. പുതിയ നിരക്ക് പ്രകാരം സ്‌കില്‍ഡ് ജോലിക്ക് 620 രൂപയും സെമി സ്‌കില്‍ഡിന് 560 രൂപയും അണ്‍ സ്‌കില്‍ഡ് ജോലിക്ക് 530 രൂപയുമാണ് ദിവസക്കൂലി. നേരത്തെ ഇത് യഥാക്രമം 152, 127, 63 രൂപ വീതമായിരുന്നു.

തടവുകാര്‍ക്ക് ന്യായമായ വേതനം നല്‍കണമെന്നത് ഭരണഘടനാ തത്വമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ വ്യക്തമാക്കിയിരുന്നു. 2016-ലെ മോഡല്‍ പ്രിസണ്‍ മാനുവല്‍ പ്രകാരം മൂന്ന് വര്‍ഷത്തിലൊരിക്കല്‍ വേതനം പരിഷ്‌കരിക്കേണ്ടതുണ്ട്.

Similar News