ലഹരിമരുന്ന് കൈവശം വെക്കുന്നവരെ ഗുണ്ടയായി കണക്കാക്കാമോ? അഞ്ചംഗ ബെഞ്ചിന്റെ വിധി നിര്‍ണ്ണായകമാകും

Update: 2026-02-06 06:49 GMT

കൊച്ചി: ചെറിയ അളവില്‍ ലഹരിമരുന്ന് കൈവശം വെച്ചതിന്റെ പേരില്‍ ഒരാളെ സ്ഥിരം കുറ്റവാളിയോ ഗുണ്ടയോ ആയി കണക്കാക്കി കാപ്പ ചുമത്തി നാടുകടത്താന്‍ കഴിയുമോ എന്ന കാര്യം ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് പരിശോധിക്കും.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് എ. ബദറുദ്ദീന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹലത, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.

കുറഞ്ഞ അളവില്‍ മയക്കുമരുന്ന് സൂക്ഷിച്ചതിന്റെ പേരില്‍ ഒരാളെ ഗുണ്ടയായി പരിഗണിച്ച് കാപ്പ ചുമത്താന്‍ കഴിയില്ലെന്ന് നേരത്തെ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഈ വിധിയില്‍ മറ്റ് ചില ബെഞ്ചുകള്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.

വിഷയം ഗൗരവതരമാണെന്നും അടുത്തയാഴ്ച മുതല്‍ വിശദമായ വാദം കേള്‍ക്കുമെന്നും അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. ലഹരിമരുന്ന് കേസുകളില്‍ ഏര്‍പ്പെടുന്നവരെ ഗുണ്ടാ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗരേഖ ഉണ്ടാക്കാന്‍ ഈ വിധി നിര്‍ണ്ണായകമാകും.

Similar News