ടിക്കറ്റ് നിരക്ക് കൂട്ടാന്‍ കൃത്രിമ ക്ഷാമം; ഇന്‍ഡിഗോയ്‌ക്കെതിരെ സി.സി.ഐ അന്വേഷണം
ന്യൂഡല്‍ഹി: വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്ത് കൃത്രിമമായി ടിക്കറ്റ് ക്ഷാമം സൃഷ്ടിക്കുകയും നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് (സി.സി.ഐ) അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. ഡിസംബറിലെ തിരക്കേറിയ സമയത്ത് ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയതിലൂടെ കമ്പനി വിപണിയില്‍ മനഃപൂര്‍വ്വം സേവനക്ഷാമം ഉണ്ടാക്കിയെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
ഡിസംബര്‍ 3 മുതല്‍ 5 വരെയുള്ള മൂന്ന് ദിവസത്തിനുള്ളില്‍ മാത്രം 2,507 സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ഇതിനുപുറമെ 1,852 സര്‍വീസുകള്‍ വൈകുകയും ചെയ്തു. ഇത് രാജ്യത്തുടനീളം മൂന്ന് ലക്ഷത്തോളം യാത്രക്കാരെയാണ് നേരിട്ട് ബാധിച്ചത്. തിരക്കേറിയ സമയത്ത് ഇത്രയധികം സര്‍വീസുകള്‍ മുടങ്ങിയതോടെ ടിക്കറ്റ് നിരക്കില്‍ അമിതമായ വര്‍ദ്ധനയുണ്ടായി. സേവനങ്ങളെ മനഃപൂര്‍വ്വം നിയന്ത്രിച്ചും അമിതവില ഈടാക്കിയും കമ്പനി നിയമലംഘനം നടത്തിയോ എന്നാണ് സി.സി.ഐ പരിശോധിക്കുന്നത്.
ഇന്ത്യന്‍ ആഭ്യന്തര വിമാന സര്‍വീസ് വിപണിയുടെ 60-61 ശതമാനവും ഇന്‍ഡിഗോയുടെ കൈവശമാണ്. ഈ വിപണി സ്വാധീനം ഉപയോഗിച്ച് മറ്റ് കമ്പനികളുമായുള്ള മത്സരങ്ങളെ അവഗണിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഇന്‍ഡിഗോയ്ക്ക് സാധിക്കുന്നുണ്ടെന്ന് സി.സി.ഐ നിരീക്ഷിച്ചു. അന്വേഷണം 90 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡയറക്ടര്‍ ജനറലിന് നിര്‍ദ്ദേശം നല്‍കി. ഇതേ കാലയളവിലെ പ്രവര്‍ത്തന പിഴവുകള്‍ക്ക് 2026 ജനുവരിയില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇന്‍ഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തിയിരുന്നു.