സുഹൃത്തിനെ റെയില്‍വെ സ്റ്റേഷനിലാക്കി മടങ്ങവെ അപകടം; അമിത വേഗതയിലെത്തിയ കെഎസ്ആര്‍ടിസി ബസിടിച്ച് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു

Update: 2026-02-08 11:41 GMT

കൊച്ചി: അമിത വേഗതയിലെത്തിയ കെ എസ് ആര്‍ ടി സി സൂപ്പര്‍ എക്സ്പ്രസ് ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. തൃശ്ശൂര്‍ ചൂലിശ്ശേരി ചീനിക്കല്‍ വീട്ടില്‍ ജയചന്ദ്രന്റെ മകന്‍ അര്‍ജുന്‍ (19) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 4.15ഓടെ തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനിലാണ് അപകടം നടന്നത്. പനങ്ങാട് ഫിഷറീസ് കോളേജിലെ (കുഫോസ്) ബി.ടെക് ഫുഡ് ടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുന്‍. പത്തനംതിട്ടയിലേക്ക് പോയ കെ എസ് ആര്‍ ടി സി സൂപ്പര്‍ എക്സ്പ്രസ് ബസാണ് അര്‍ജുന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചത്.

അപകട സമയത്ത് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുഹൃത്തിനെ റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ച് മടങ്ങി വരും വഴിയാണ് അപകടമുണ്ടായത്. അപകട സമയത്ത് അര്‍ജുന് പിന്നാലെ മറ്റൊരു ബൈക്കില്‍ വേറൊരു സുഹൃത്തുമുണ്ടായിരുന്നു. അര്‍ജുനെ സംഭവസ്ഥലത്ത് നിന്ന് അധികം വൈകാതെ വടക്കേക്കോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. നില അതീവ ഗുരുതരമായതിനാല്‍ പിന്നീട് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: സംഗീത, സഹോദരി: അഞ്ജന

Similar News