പത്ത് പാസായവര്‍ക്ക് തപാല്‍ വകുപ്പില്‍ ജോലി; കേരളത്തില്‍ 1691 ഒഴിവുകള്‍; ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ 14 വരെ

Update: 2026-02-11 16:51 GMT

തിരുവനന്തപുരം: തപാല്‍ വകുപ്പിന് കീഴില്‍ വിവിധ സര്‍ക്കിളുകളുടെ പരിധിയില്‍പെടുന്ന ഓഫിസുകളിലേക്ക് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (ബി.പി.എം)/അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (എ.ബി.പി.എം), ഡാക്ക് സേവക് തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിജ്ഞാപനം https://indiapost.gov.inല്‍ ലഭിക്കും. ഇന്ത്യയിലെ വിവിധ പോസ്റ്റ് സര്‍ക്കിള്‍/ഡിവിഷനുകളിലായി ആകെ 28,740 ഒഴിവുകളുണ്ട്. പത്ത് പാസായവര്‍ക്കാണ് അവസരം. കേരള സര്‍ക്കിളില്‍ വിവിധ ഡിവിഷനുകളിലായി 1,691 ഒഴിവുകളാണുള്ളത്. (ജനറല്‍ 930, ഒ.ബി.സി-378, എസ്.സി-151, എസ്.ടി-20, ഇ.ഡബ്ല്യൂ.എസ്- 161, ഭിന്നശേഷിക്കാര്‍ -51).

സേവനവ്യവസ്ഥകള്‍: ഗ്രാമീണ്‍ ഡാക്ക് സേവകരെ സ്ഥിരം ജീവനക്കാരായി പരിഗണിക്കില്ല. സ്ഥിരം ജീവനക്കാരുടെ ശമ്പളമോ ആനുകൂല്യങ്ങളോ ലഭിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ അധികവും ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കേണ്ടിവരും. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ സ്വന്തം ചെലവില്‍ കെട്ടിടം കണ്ടെത്തി പോസ്റ്റോഫിസ് നടത്തണം.

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് അടക്കമുള്ള ദൈനംദിന തപാല്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ നിര്‍വഹിക്കണം. അതത് പ്രദേശത്തെ താമസക്കാരായിരിക്കണം. പ്രാദേശിക ഭാഷാ പരിജ്ഞാനമുണ്ടായിരിക്കണം. പ്രതിമാസ ശമ്പളം: ബി.പി.എമ്മിന് 12000-29380 രൂപ; എ.ബി.പി.എം/ഡാക്ക്‌സേവക്- 10,000-24470 രൂപ.

യോഗ്യത: മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ പത്താംക്ലാസ്/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസ്. പത്താംക്ലാസ് വരെയെങ്കിലും പ്രാദേശിക ഭാഷ (മലയാളം) പഠിച്ചിരിക്കണം. പ്രായപരിധി 18-40 വയസ്സ്. കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം. സൈക്കിള്‍ സവാരി അറിഞ്ഞിരിക്കണം. പത്താംക്ലാസ് പരീക്ഷയുടെ മാര്‍ക്കിന്റെ മെരിറ്റടിസ്ഥാനത്തിലായിരിക്കും സെലക്ഷന്‍.

ഔദ്യോഗിക പോര്‍ട്ടലായ https://indiapost.gov.in/gdsonlineengagementല്‍ ഫെബ്രുവരി 14നകം ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തി ഓണ്‍ലൈനില്‍ 16നകം അപേക്ഷിക്കണം. അപേക്ഷാഫീസ് 100 രൂപയാണ്. വനിതകള്‍ക്കും പട്ടിക/ഭിന്നശേഷി/ട്രാന്‍സ്വിമെന്‍ വിഭാഗത്തില്‍പെടുന്നവര്‍ക്ക് ഫീസില്ല.

Similar News