'യുവതീപ്രവേശത്തെ അനുകൂലിക്കരുത്, സത്യവാങ്മൂലം സര്‍ക്കാര്‍ തീരുമാനിക്കട്ടെ'; ശബരിമല കേസില്‍ വെള്ളാപ്പള്ളി

Update: 2026-02-16 08:11 GMT

ആലപ്പുഴ: ശബരിമല കേസില്‍ കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായി തീരുമാനമെടുക്കട്ടെ എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുവതീപ്രവേശ വിഷയത്തില്‍ കോടതി അന്തിമ തീരുമാനമെടുക്കട്ടെയെന്നും, യുവതീപ്രവേശത്തെ അനുകൂലിക്കരുതെന്നാണ് എസ്എന്‍ഡിപിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല യുവതീപ്രവേശ വിധി തികച്ചും നിരാശാജനകവും ദുഃഖകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. വിധി വന്ന അന്ന് തന്നെ താന്‍ ഈ നിലപാട് വ്യക്തമാക്കിയിരുന്നതാണ്. പരമ്പരാഗതമായി ഇല്ലാത്ത ഒരു ആചാരം ശബരിമലയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. വിധി നടപ്പാക്കാന്‍ ആര് ശ്രമിച്ചാലും കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകള്‍ അതിന് തയാറാകില്ല.

ഒരു നിശ്ചിത പ്രായം കഴിഞ്ഞ സ്ത്രീകള്‍ക്ക് പ്രവേശനം ആകാമെങ്കിലും യുവതികള്‍ ശബരിമലയിലേക്ക് പോകരുതെന്നാണ് തന്റെ അപേക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി വിധി കേരളത്തിലെ ജനങ്ങള്‍ക്കും അയ്യപ്പ ഭക്തര്‍ക്കും ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. ഇതിനെതിരെയുള്ള വലിയ പ്രതിഷേധം കേരളത്തിലുടനീളം അണപൊട്ടിയൊഴുകിയത് നാം കണ്ടതാണ്. വിധി വന്ന സമയത്ത് അതിനെ അനുകൂലിച്ച പലരും പിന്നീട് നിലപാട് മാറ്റിയെന്ന യാഥാര്‍ഥ്യം എല്ലാവരും ഓര്‍ക്കണം.

സമാന ആശയങ്ങള്‍ മുന്‍നിര്‍ത്തി നിരവധിപ്പേര്‍ കോടതിയെ സമീപിച്ചിട്ടുള്ളതിനാല്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ എസ്എന്‍ഡിപി യോഗം പ്രത്യേകം കക്ഷി ചേരേണ്ട സാഹചര്യമില്ല. കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കട്ടെ. അഭിപ്രായങ്ങള്‍ പറയാന്‍ കോടതി അവസരം നല്‍കിയിട്ടുള്ളതിനാല്‍ വിഷയം പരിശോധിച്ച് കോടതി തന്നെ അന്തിമ തീരുമാനമെടുക്കുന്നതാണ് ഉചിതം.

സ്ത്രീപ്രവേശം അനുവദിക്കാത്ത സാഹചര്യം സൃഷ്ടിച്ച് ഭക്തരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന തീരുമാനം ഉണ്ടാകാന്‍ പ്രാര്‍ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു. യുവതീപ്രവേശത്തെ അനുകൂലിക്കരുത് എന്നത് തന്നെയാണ് എസ്എന്‍ഡിപിയുടെ വ്യക്തമായ അഭിപ്രായം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞ അതേ അഭിപ്രായം തന്നെയാണ് ഈ കാര്യത്തില്‍ തങ്ങള്‍ക്കുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News