ഇളമണ്ണൂര്‍ വാഹനാപകടം: ഒരാളുടെ മരണത്തിനിടയാക്കിയ കാര്‍ ഡ്രൈവറും സുഹൃത്തുക്കളും പിടിയില്‍; ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ്

ഇളമണ്ണൂര്‍ വാഹനാപകടം: ഒരാളുടെ മരണത്തിനിടയാക്കിയ കാര്‍ ഡ്രൈവറും സുഹൃത്തുക്കളും പിടിയില്‍

Update: 2026-02-16 12:56 GMT

അടൂര്‍ : ഇളമണ്ണൂര്‍ ക്ഷേത്ര - ഉത്സവത്തിനായി നടന്നു പോവുകയായിരുന്ന രണ്ട് സ്ത്രീകളെ വാഹനമിടിക്കുകയും ഒരു സ്ത്രീക്ക് മരണം സംഭവിക്കുകയും ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത അടൂര്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി.

ഞായറാഴ്ച വൈകിട്ട് നടന്ന അപകടത്തില്‍ ഇളമണ്ണൂര്‍ കുന്നുവിള കിഴക്കേതില്‍ ഉഷ (65) ക്ക് മരണം സംഭവിക്കുകയും ഒപ്പമുണ്ടായിരുന്ന ശാന്തക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശാന്തയോടൊപ്പം ഉണ്ടായിരുന്ന ചെറുമകന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അടൂര്‍ ഭാഗത്തുനിന്ന് പത്തനാപുരം ഭാഗത്തേക്ക് അമിത വേഗതയില്‍ പാഞ്ഞെത്തിയ KL 07 AG 1431 മാരുതി 800 കാര്‍ ഇവരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാരുടെ കൂടി സഹായത്തോടെ പുനലൂരില്‍ നിന്ന് തമിഴ്‌നാട് സ്വദേശികളായ പ്രതികളെ പിടികൂടി. തമിഴ്‌നാട് മധുര രാജഗോപാല്‍ നഗര്‍കോവില്‍ പെട്ടിയില്‍ സൂര്യ (24) ആണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളെ കൂടാതെ മധുര മാവട്ടം രാജഗോപാല്‍ നഗറില്‍ ശക്തി (20) തെങ്കാശി കോട്ടപ്പുറം ആലുംമൂട് സ്വദേശി സതീഷ് (21) എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. മൂവരെയും അടൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

മൂന്നുപേരും മദ്യലഹരിയില്‍ ആയിരുന്നു. മദ്യലഹരിയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയതിനും, വാഹനം നിര്‍ത്താതെ പോയതിനും ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ആണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗതാഗത നിയമലംഘനങ്ങള്‍ ഉള്‍പ്പെടെ ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കും, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും എതിരെയുള്ള നടപടികള്‍ ശക്തമായി തന്നെ മുന്നോട്ടു കൊണ്ടുപോകുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസ് അറിയിച്ചു.

Tags:    

Similar News