ഭാര്യയെ കൊലപ്പെടുത്തിയ ആള്‍ക്ക് ഭാര്യയുടെ സ്വത്തില്‍ അവകാശമില്ല; ഹൈക്കോടതി

ഭാര്യയെ കൊലപ്പെടുത്തിയ ആള്‍ക്ക് ഭാര്യയുടെ സ്വത്തില്‍ അവകാശമില്ല; ഹൈക്കോടതി

Update: 2026-02-20 01:29 GMT

കൊച്ചി: സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ഭാര്യ കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ക്ക് ഭാര്യയുടെ പേരിലുള്ള സ്വത്തിന് അവകാശമില്ലെന്ന് ഹൈക്കോടതി. കൊല്ലപ്പെട്ട യുവതിയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ച 75,000 രൂപ ലഭിക്കാനായി മാതാവ് നല്‍കിയ ഹര്‍ജികള്‍ വിചാരണക്കോടതികള്‍ തള്ളിയതിനെതിരേ തിരുവനന്തപുരം സ്വദേശികള്‍ നല്‍കിയ ഹര്‍ജികള്‍ അനുവദിച്ചാണ് ജസ്റ്റിസ് എസ്. ഈശ്വരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ബാധകമായത് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമമാണ്. ഇതുപ്രകാരം ഭാര്യയെ കൊലപ്പെടുത്തിയ ആള്‍ക്ക് ഭാര്യയുടെ പേരിലുള്ള സ്വത്തില്‍ അവകാശമില്ലെന്ന് പ്രത്യേകം വ്യക്തമാക്കുന്നില്ല. ഇത് കണക്കിലെടുത്തായിരുന്നു വിചാരണക്കോടതികള്‍ ഹര്‍ജികള്‍ തള്ളിയത്.

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ കൊലപാതകിക്ക് കൊല്ലപ്പെട്ടയാളുടെ സ്വത്തില്‍ അവകാശമില്ലെന്നു വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം കോടതികളും മുന്‍പ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിന്റെ കാര്യത്തില്‍ ഇത്തരമൊരു വ്യക്തത കോടതികളും നേരത്തേ വരുത്തിയിട്ടില്ല. തുടര്‍ന്നാണ് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരവും കൊല്ലപ്പെട്ടയാളുടെ സ്വത്തിന് കൊലപാതകിക്ക് അവകാശം ഉന്നയിക്കാനാകില്ലെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയത്.

Tags:    

Similar News