ഇടുക്കിയില്‍ ആദിവാസി ദമ്പതികളുടെ നവജാത ഇരട്ടക്കുട്ടികളിലൊന്ന് മരിച്ചു: ജില്ലാശുപത്രിയില്‍ ചികില്‍സയിലിരിക്കേ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു: കുഞ്ഞിനെ എത്തിച്ചത് മരിച്ച നിലയില്‍ എന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍: പോലീസ് കേസെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി: ഇരട്ടകളിലൊന്ന് ഹൃദയവാല്‍വിന് തകരാറുമായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സിയില്‍

Update: 2026-02-26 07:31 GMT

തൊടുപുഴ: ആദിവാസി ദമ്പതികളുടെ നവജാത ഇരട്ടക്കുട്ടികളില്‍ ഒന്ന് മരിച്ചു. ഒരു കുട്ടി ഹൃദയവാല്‍വിന് തകരാറുമായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍. ഇടുക്കി വെണ്ണിയാനി മുള്ളന്‍പ്ലാക്കല്‍ അജേഷ്-രജിമോള്‍ ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ആണ്‍കുഞ്ഞാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. പെണ്‍കുഞ്ഞ് ദിവസങ്ങളായി കോട്ടയം മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ ചികില്‍സയിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പുലര്‍ച്ചെ മൂന്നരയോടെ കുഞ്ഞിന് അസ്വസ്ഥത വരികയും മുതലക്കോടത്തുളള സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചാണ് കൊണ്ടു വന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് പോലീസ് സ്വമേധയാ കേസ് എടുത്ത് കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം നടത്തി. കുഞ്ഞിന് ഹൃദയത്തില്‍ സുഷിരം ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ശ്വാസം മുട്ടല്‍ വര്‍ധിച്ചപ്പോഴാണ് റഫര്‍ ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച (ഫെബ്രുവരി 21) യാണ് രജിമോള്‍ ജില്ലാശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഇതില്‍ പെണ്‍കുഞ്ഞിന് ജന്മനാ തന്നെ ഹൃദയത്തിന് തകരാറുള്ളതായി കണ്ടെത്തി കോട്ടയത്തേക്ക് റഫര്‍ ചെയ്തു. അജേഷ് പെണ്‍കുഞ്ഞിനെയും കൊണ്ട് അവിടെയും രജിമോള്‍ ആണ്‍കുഞ്ഞുമായി തൊടുപുഴ ജില്ലാശുപത്രിയിലുമായിരുന്നു. ആണ്‍കുഞ്ഞ് ആരോഗ്യവാനായിരുന്നു.

എന്നാല്‍, ഇന്ന് പുലര്‍ച്ചെ കുഞ്ഞിന് ശ്വാസം മുട്ടലുണ്ടാവുകയും മരണമടയുകയുമായിരുന്നു. പെണ്‍കുഞ്ഞിന്റെ ഹൃദയസംബന്ധമായ അസുഖം തിരിച്ചറിഞ്ഞെങ്കിലും ആണ്‍കുഞ്ഞിന്റെ അസുഖം കണ്ടുപിടിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. രജിമോളുടെ മൂന്നാമത്തെ പ്രസവമാണ് ഇത്. ആദിവാസി ഊരാളി സമുദായത്തില്‍പ്പെട്ട അജേഷിന് കൃഷിപ്പണിയും കൂലിപ്പണിയുമാണ്.

Similar News