യു പി എസ് സി സിവില്‍ സര്‍വീസ് പ്രിലിംസ്: അപേക്ഷിക്കാനുള്ള സമയം നാളെ കൂടി

Update: 2026-02-26 08:04 GMT

ന്യൂഡല്‍ഹി: 2026-ലെ യുപി എസ് സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം കമ്മീഷന്‍ നീട്ടി നല്‍കി. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ഉദ്യോഗാര്‍ഥികള്‍ക്ക് നാളെ (ഫെബ്രുവരി 27) വൈകുന്നേരം 6 മണിവരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ആദ്യം നല്‍കിയ സമയ പരിധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതെ പോയ നിരവധി സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികള്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസം നല്‍കി.

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉള്‍പ്പെടെയുള്ള ഉന്നത തസ്തികകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയ്ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in വഴിയോ upsconline.nic.in വഴിയോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോള്‍ പത്ത് ദിവസത്തിനുള്ളില്‍ എടുത്തതാകണമെന്നും ഫോട്ടോയില്‍ പേരും തീയതിയും രേഖപ്പെടുത്തണമെന്നുമുള്ള പുതിയ നിബന്ധനകള്‍ ഉദ്യോഗാര്‍ഥികള്‍ പാലിക്കണം.

അപേക്ഷാ ഫോമില്‍ തിരുത്തലുകള്‍ വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കമ്മീഷന്‍ നിശ്ചിത സമയപരിധി അനുവദിക്കാറുണ്ട്. ഇതിനായുള്ള അറിയിപ്പുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. സെര്‍വര്‍ തകരാറുകള്‍ ഒഴിവാക്കാന്‍ അവസാന മണിക്കൂര്‍ വരെ കാത്തുനില്‍ക്കാതെ അപേക്ഷ പൂര്‍ത്തിയാക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു.

Similar News