കഴുത്തില്‍ തട്ടിയത് കുട്ടിച്ചാത്തന്‍; ഉടന്‍ അമേരിക്കയിലേക്ക് മാറ്റണം; വീണാ ജോര്‍ജിനെ പരിഹസിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍

Update: 2026-02-26 08:11 GMT

കാസര്‍കോട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെ കണ്ണൂരിലുണ്ടായ പ്രതിഷേധവും തുടര്‍ന്നുണ്ടായ പരിക്ക് വിവാദവും രാഷ്ട്രീയ നാടകമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. കെ.എസ്.യു കുട്ടികള്‍ മന്ത്രിയെ തൊട്ടിട്ടുപോലുമില്ലെന്നും മന്ത്രിയുടെ കഴുത്തില്‍ തട്ടിയത് 'കുട്ടിച്ചാത്തനാണെന്നും' അദ്ദേഹം പരിഹസിച്ചു. കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിക്ക് അടിയന്തര ചികിത്സ വേണമെങ്കില്‍ അവരെ ഉടന്‍ അമേരിക്കയിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. 'പരിയാരം മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷന്‍ ചെയ്താല്‍ കത്രിക വയറ്റില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് അവിടത്തെ ചികിത്സ വിശ്വസിക്കരുത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതാണ്, അതുകൊണ്ട് ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്' - ഉണ്ണിത്താന്‍ പരിഹസിച്ചു. മെഡിക്കല്‍ കോളേജുകളിലെ ചികിത്സാ പിഴവുകളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

കണ്ണൂരില്‍ നടന്നത് വധശ്രമമാണെന്ന സി.പി.എം വാദത്തെയും ഉണ്ണിത്താന്‍ തള്ളി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതായി അദ്ദേഹം പറഞ്ഞു. നിഷ്പക്ഷമായ അന്വേഷണം നടന്നാല്‍ മന്ത്രിയുടെ പരിക്കിന് പിന്നിലെ യഥാര്‍ത്ഥ 'തിരക്കഥ' പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത് രാഷ്ട്രീയ പകപോക്കലാണെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഗണ്‍മാന്റെ സംരക്ഷണ നീക്കത്തിനിടെയാണ് മന്ത്രിക്ക് അസ്വസ്ഥത ഉണ്ടായതെന്ന് വ്യക്തമായിട്ടുണ്ടെന്നും, ഇതിനെ വധശ്രമമാക്കി മാറ്റുന്നത് പൊതുജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.

Similar News