'കൊള്ള' ആരോപണം പച്ചക്കള്ളം; കേന്ദ്ര പദ്ധതികളില്‍ കേരളം ഒന്നാമതെന്ന് തോമസ് ഐസക്; മോദിയുടേത് ഇരട്ടത്താപ്പെന്ന് വിമര്‍ശനം
പത്തനംതിട്ട: കേരളത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച 'കൊള്ള' ആരോപണം വസ്തുതാവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം ടി.എം. തോമസ് ഐസക്. വിവിധ കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്നിരിക്കെ, ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് അദ്ദേഹം പത്തനംതിട്ടയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനം മറച്ചുവെക്കാനാണ് പ്രധാനമന്ത്രി പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ഐസക് കുറ്റപ്പെടുത്തി.
ദേശീയപാത വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സര്‍വ്വശിക്ഷ അഭിയാന്‍ തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തന്നെ പുരസ്‌കാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു വശത്ത് കേരളത്തിന്റെ മികവിനെ അംഗീകരിക്കുകയും മറുവശത്ത് 'കൊള്ള' എന്ന് ആക്ഷേപിക്കുകയും ചെയ്യുന്നത് മോദിയുടെ ഇരട്ടത്താപ്പാണ് വെളിപ്പെടുത്തുന്നത്. തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിലും സര്‍വ്വശിക്ഷ അഭിയാന്‍ വഴിയുള്ള സ്‌കൂള്‍ വികസനത്തിലും കേരളം രാജ്യത്തിന് മാതൃകയാണെന്നും ഇതില്‍ എവിടെയാണ് കൊള്ള നടന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന്റെ വിദേശനയത്തെയും ഐസക് രൂക്ഷമായി വിമര്‍ശിച്ചു. ഇറാനിലെ യുദ്ധസാഹചര്യത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ദുര്‍ബലമാണെന്നും മോദിയുടെ വിദേശനയം പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, എഫ്.സി.ആര്‍.എ നിയമം ദുരുപയോഗം ചെയ്ത് ക്രൈസ്തവ സഭകളെ ഭീഷണിപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധവും സ്വേച്ഛാധിപത്യപരവുമാണ്. നിയമത്തെ രാഷ്ട്രീയ ആയുധമാക്കി മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.