വയോധികയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; മകന്‍ അറസ്റ്റില്‍
വയോധികയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം
കൊല്ലം: വയോധികയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പോലീസ്. തൃക്കരുവ ഞാറയ്ക്കല്‍ ആനചുട്ടമുക്കിനു സമീപം ഈരത്തഴികത്ത് പൊന്നമ്മ (62) മരിച്ച സംഭവത്തില്‍ മകന്‍ വര്‍ഗീസിനെ (32) അഞ്ചാലൂംമൂട് പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 15-ന് മൂന്നോടെയാണ് പൊന്നമ്മയെ വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
അമ്മ കിണറ്റില്‍ വീണുകിടക്കുന്നതായി വര്‍ഗീസ് ബഹളംവെക്കുന്നതു കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയെയും പോലീസിനെയും അറിയിച്ചു. കൊല്ലത്തുനിന്നെത്തിയ അഗ്‌നിരക്ഷാസേന കിണറ്റില്‍നിന്ന് പൊന്നമ്മയെ കരയ്‌ക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് അഞ്ചാലുംമൂട് പോലീസ് കേസെടുത്ത് ജില്ലാ ആശുപത്രിയില്‍ മൃതദേഹപരിശോധന നടത്തി സംസ്‌കരിച്ചു.
മൃതദേഹപരിശോധനയില്‍ അസ്വാഭാവികത കണ്ടതിനെത്തുടര്‍ന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു വര്‍ഗീസ്. ഇതേസമയം അമ്മയെ കിണറ്റില്‍ തള്ളിയിട്ടതാണെന്ന് വര്‍ഗീസ് ചിലരോടു പറഞ്ഞതായി പോലീസിനു വിവരം കിട്ടി. ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
വര്‍ഗീസ് മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കുക പതിവായിരുന്നു. സംഭവദിവസം രാവിലെ വര്‍ഗീസും അമ്മയും തമ്മില്‍ വീട്ടില്‍ വഴക്കുനടന്നിരുന്നുവെന്നും പോലീസ് പറഞ്ഞു. അഞ്ചാലുംമൂട് എസ്.എച്ച്.ഒ. അജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.