പേരിലും രൂപത്തിലും ഒരേപോലെ പതിന്നാല് സഹോദരങ്ങള്‍; ഏഴു ജോഡി ഇരട്ടകളുടെ സംഗമവുമായി കലഞ്ഞൂര്‍ വിഎച്ച്എസ്എസിലെ എന്‍എസ്എസ് യൂണിറ്റ്; കൗതുകക്കാഴ്ച ഇരട്ടകളുടെ ദേശീയദിനാചരണത്തിന്റെ ഭാഗമായി
പേരിലും രൂപത്തിലും ഒരേപോലെ പതിന്നാല് സഹോദരങ്ങള്‍
പത്തനംതിട്ട: ഇന്ന് ഇരട്ടകളുടെ ദേശീയദിനാചരണം. ഇതിന്റെ ഭാഗമായി ഇന്നലെ കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ പഠിക്കുന്ന ഏഴ് ജോഡി ഇരട്ടകളും അവരോടൊപ്പം അധ്യാപകരും ചേര്‍ന്ന് നടത്തിയ സൗഹൃദവലയം വേറിട്ട അനുഭവമായി. ഇരട്ട സഹോദരങ്ങളുടെ പരസ്പര സ്നേഹത്തിന്റെ അനുഭവ കഥ പറഞ്ഞും പാട്ടുപാടിയും നര്‍മ്മസല്ലാപം നടത്തിയും പതിന്നാല് ഇരട്ട സഹോദരങ്ങള്‍ ഏവരുടെയും മനം കവര്‍ന്നു.
സഹോദര ജോഡികളായ അഭയ്-അജയ്, ആദിത്യ-അഭിമന്യു -, അഭിനവ് ആര്‍. നായര്‍-അഭിജിത്ത് ആര്‍. നായര്‍, നിവേദ്യ-നവനീത്, ഋതു പ്രഭാത്-ഋഷി പ്രഭാത്, ശ്രീഗോവിന്ദ് - ഹരിഗോവിന്ദ്, അഭിദേവ്-അഭിറാം എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പാള്‍ സക്കീന. എം, സ്റ്റാഫ് സെക്രട്ടറി സജയന്‍ ഓമല്ലൂര്‍, അധ്യാപകരായ സ്മിത എം. നാഥ്, സ്മിത എസ്.വി രാജ്, വോളണ്ടിയര്‍ പ്രതിനിധി നിവേദ്യ എന്നിവര്‍ നേതൃത്വം നല്‍കി.