വൻകിട കോർപറേറ്റ് ഗ്രൂപ്പുകളുടെ പ്രതിനിധികളെന്ന വ്യാജേന ബന്ധപ്പെട്ടു; ഓഹരി ഇടപാടുകളിലൂടെ വലിയ ലാഭം നേടാമെന്ന് വാഗ്‌ദാനം; പ്രവാസി വയോധികന് നഷ്ടമായത് കോടികൾ

Update: 2026-01-17 10:53 GMT

ആലപ്പുഴ: ഹരിപ്പാട് സ്വദേശിയായ പ്രവാസി വയോധികനിൽ നിന്ന് ഓൺലൈൻ ഓഹരി ഇടപാടുകൾ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയതായി പരാതി. 2026 സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. 8.8 കോടി രൂപയാണ് വയോധികന് നഷ്ടമായത്. ആലപ്പുഴ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ സൈബർ തട്ടിപ്പാണിത്.

വൻകിട കോർപറേറ്റ് ഗ്രൂപ്പുകളോട് സാമ്യമുള്ള സ്ഥാപനത്തിന്റെ പ്രതിനിധികളെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ വയോധികനെ സമീപിച്ചത്. ഓഹരി ഇടപാടുകളിലൂടെ വലിയ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഇവർ വയോധികനിൽ നിന്ന് പണം കൈപ്പറ്റുകയായിരുന്നു. 73 തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്.

മകന് സംശയം തോന്നുകയും പിന്നീട് നടത്തിയ പരിശോധനയിലുമാണ് തട്ടിപ്പ് വെളിച്ചത്തായത്. തുടർന്ന് മകൻ നൽകിയ പരാതിയിൽ ആലപ്പുഴ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ സംഭവത്തെക്കുറിച്ച് വിവരം അറിയിച്ചിട്ടുണ്ടെന്നും, നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായും ആലപ്പുഴ സൈബർ പൊലീസ് എസ്.എച്ച്.ഒ. ഏലിയാസ് പി. ജോർജ് അറിയിച്ചു.

Tags:    

Similar News