മൃതദേഹത്തിന്റെ പലഭാഗത്തും മുറിവേറ്റ പാടുകൾ; യുവാവ് തോട്ടിൽ മരിച്ചനിലയിൽ; മരിച്ചത് കെവിൻ കൊലക്കേസിൽ കോടതി വെറുതെവിട്ട പുനലൂരുകാരൻ ഷിനോമോൻ
പുനലൂർ: കൊല്ലം പുനലൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കെവിൻ കൊലക്കേസിൽ വിചാരണക്കൊടുവിൽ കോടതി വെറുതെവിട്ട എൻ. ഷിനുമോനെ (29)യാണ് ഫ്ലാറ്റിന് സമീപത്തെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പുനലൂർ ചെമ്മന്തൂർ കോളേജ് ജങ്ഷനിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. മൃതദേഹത്തിൽ പലയിടത്തും മുറിവുകളുണ്ടായിരുന്നതായും ഫ്ലാറ്റിന്റെ കൈവരിയില്ലാത്ത മട്ടുപ്പാവിൽനിന്ന് വീണതാകാമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
2018-ൽ കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കെവിൻ കൊലക്കേസിലെ പ്രതിപ്പട്ടികയിൽ ഷിനുമോൻ ഉൾപ്പെട്ടിരുന്നു. പിന്നീട്, വിചാരണക്ക് ശേഷം കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. ചെമ്മന്തൂർ പ്ലാവിളക്കുഴിയിൽ വീട്ടിൽ എൻ. ഷിനുമോൻ, തോട്ടിലിനോടു ചേർന്നുള്ള മൂന്നുനില ഫ്ലാറ്റിലായിരുന്നു താമസിച്ചുവന്നിരുന്നത്. ഫ്ലാറ്റിന്റെ പിൻഭാഗത്തുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഫ്ലാറ്റിന്റെ മുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന്റേതെന്ന് കരുതുന്ന മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം പോലീസ് മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന്, പോസ്റ്റ്‌മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്.