യാത്രക്കാരെയെല്ലാം ഇറക്കിവിട്ട് വീട്ടിലേക്ക് മടക്കം; പാതി വഴിയിലെത്തിയതും ഓട്ടോറിക്ഷ ഡ്രൈവറുടെ തോളിൽ വന്നിരുന്ന അപ്രതീക്ഷിത അതിഥി; നിയന്ത്രണം തെറ്റി അപകടം; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
കാസർകോട്: ബണ്ടിചാലിൽ ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടത് തികച്ചും അപ്രതീക്ഷിതമായി പറന്നുവന്ന ഒരു 'അതിഥി' കാരണമാണ്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് തളങ്കര സ്വദേശിയായ യൂസഫ് സഞ്ചരിച്ച ഓട്ടോ അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ ഇറക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യൂസഫിന്റെ തോളിലേക്ക് 40 കിലോമീറ്റർ വേഗതയിൽ പോവുകയായിരുന്ന ഓട്ടോയുടെ ഉള്ളിലേക്ക് മൂങ്ങ പറന്നുവന്നിരിക്കുകയായിരുന്നു.
മൂങ്ങയെ കണ്ട ഭയത്തിൽ യൂസഫ് കൈകൊണ്ട് തട്ടിമാറ്റാൻ ശ്രമിച്ചതോടെ ഓട്ടോറിക്ഷയുടെ നിയന്ത്രണം നഷ്ടമായി. ഇതോടെ വാഹനം റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി. ഭാഗ്യം കൊണ്ട് മാത്രമാണ് യൂസഫ് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടത്. അപകടം സംഭവിക്കുന്നതിന് നിമിഷങ്ങൾക്കുമുമ്പ് മൂങ്ങ പറന്നുപോയതായി അദ്ദേഹം പറഞ്ഞു.
കാലിന് നിസ്സാര പരിക്കേറ്റ യൂസഫ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി വീട്ടിലേക്ക് മടങ്ങി. എന്നാൽ ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു. പോസ്റ്റ് ഒടിഞ്ഞുവീഴാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കിയെന്നും അപകടത്തിന്റെ ഞെട്ടലിൽ നിന്ന് ഇപ്പോഴും മോചിതനായിട്ടില്ലെന്നും യൂസഫ് വ്യക്തമാക്കി.