'പാലക്കാട്ട് നടന്ന പരിശോധനാ നാടകം ഷാഫി ആസൂത്രണം ചെയ്തതാണോ എന്ന് അന്വേഷിക്കണം'; ചാക്കും ട്രോളിയും പ്രധാന പ്രചാരണ വിഷയമാക്കും പി സരിൻ
പാലക്കാട്: പാലക്കാട്ട് നടന്ന പാതിരാ പരിശോധനാ നാടകം ഷാഫി ആസൂത്രണം ചെയ്തത് ആണോ എന്ന് അന്വേഷിക്കണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിൻ. കള്ളപ്പണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും ഇടയില്‍ നടക്കുന്ന കൈമാറ്റങ്ങള്‍ കണ്ടെത്താന്‍ എല്‍.ഡി.എഫിന് സ്ക്വാഡുകളുണ്ടെന്നും എവിടെ ആര് എന്ത് ചെയ്താലും കൃത്യമായ വിവരം ലഭിക്കുമെന്നും സരിൻ പറഞ്ഞു.
പരിശോധനയ്ക്ക് അടിസ്ഥാനമായ വിവരം എവിടെ നിന്ന് കിട്ടിയെന്ന് പോലീസ് വ്യക്തമാക്കണം. സംഭവത്തിൽ ഇപ്പോഴും ഇരുട്ടത്ത് നിൽക്കുന്നവർ ആരെന്ന് കണ്ടുപിടിക്കണം. ഇവര്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. പരസ്പര വിരുദ്ധമായ കാര്യമാണ് യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നത്. കേസ് കേവലം ഒരു വ്യക്തിയിൽ ഒതുങ്ങരുത്. അടിക്കടി വേഷം മാറുന്നവരെ തിരിച്ചറിയാൻ പാലക്കാട്ടുകാർക്ക് കഴിയും. ഷാഫിയുടെ മാസ്റ്റർ പ്ലാനിൽ പെട്ടതാണോ ഇതെന്ന് പരിശോധിക്കണമെന്ന് പി സരിന് ആവശ്യപ്പെട്ടു.
പണമൊഴുക്കി തുടങ്ങിയ ഒരു തിരഞ്ഞെടുപ്പായി ഇത് മാറിയെന്ന് മൂന്ന് ദിവസംമുമ്പ് ഞാന്‍ സൂചിപ്പിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് ഇനി എന്തൊക്കെയാണ് പുറത്ത് വരാനുള്ളതെന്ന് ഓരോ ദിവസം കഴിയും തോറും കാണാമെന്നും സരിന് പറഞ്ഞു. ചാക്കും ട്രോളിയും പ്രധാന പ്രചാരണ വിഷയമാക്കൂമെന്നും കൂട്ടിച്ചേര്‍ത്തു. കള്ളപ്പണ വിവാദവുമായി ബന്ധപ്പെട്ട് പാലക്കാട്ട് എല്‍.ഡി.എഫ് നടത്തിയ പ്രതിഷേധ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു സരിന്.