ഹാര്‍ബറിൽ അനതികൃത മദ്യം വിൽക്കുന്നതായി രഹസ്യ വിവരം; പരിശോധനക്കായി കൈ കാണിച്ചിട്ടും സ്കൂട്ടർ നിർത്താതെ പോയി; പ്രതിയെ പോലീസ് പിടികൂടിയത് സാഹസികമായി; പിടിച്ചെടുത്തത് 10 ലിറ്റര്‍ വിദേശ മദ്യം
കോഴിക്കോട്: ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി കടന്നുകളയാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടിയത് സാഹസികമായി. ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് വില്‍പ്പനക്കായി കൊണ്ടുവന്ന മദ്യവുമായാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ പക്കൽ നിന്നും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും പോലീസ് പിടിച്ചെടുത്തു. വെസ്റ്റ്ഹില്‍ പുതിയങ്ങാടി സ്വദേശി ബിയ്യാത്തുംതൊടി ഷംസുദ്ധീനെ(39) ആണ് അറസ്റ്റിലായത്.
അനതികൃത മദ്യം കടത്തുന്നതായി പട്രോളിംഗിനിടെ പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് ഈസ്റ്റ്ഹില്‍ ഫാത്തിമ മാതാ പള്ളിക്ക് സമീപം വെച്ച് ഷംസുദ്ധീന് സഞ്ചരിച്ച സ്കൂട്ടറിന് പോലീസ് കൈ കാണിച്ചു. എന്നാൽ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് തടഞ്ഞു നിര്‍ത്തി പരിശോധനയിൽ 10 ലിറ്റര്‍ വിദേശ മദ്യമാണ് പോലീസ് കണ്ടെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്തലിലാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.
ബീവറേജസ് ഔട്ട്ലെറ്റില് നിന്നും വാങ്ങിയ മദ്യം ഹാര്‍ബറില്‍ വില്‍പ്പനക്കായി കൊണ്ടുപോവുകയാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. നടക്കാവ് എസ്.ഐ ലീലാ വേലായുധനും സംഘവും നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. മാസങ്ങളായി പ്രതി അനധികൃത മദ്യവില്‍പ്പന നടത്തിവരികയാണ് പോലീസിന്റെ പിടിയിലായത്.
കോഴിക്കോട് സരോവരത്തെ ബീവറേജസ് ഔട്ട്ലെറ്റില് നിന്നാണ് ഇയാള്‍ മദ്യം വാങ്ങിയിരുന്നത്. കേസ് എടുത്ത ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എസ്.ഐ ധനീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീരാഗ്, ഡ്രൈവര്‍ ശോഭിത്ത് എന്നിവരാണ് ഷംസുദ്ധീനെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.