പന്തീരാങ്കാവിൽ തമിഴ്നാട് സ്വദേശിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി; ആഭരങ്ങൾ നഷ്ടമായി; അന്വേഷണത്തിൽ മകളുടെ ഭർത്താവ് പിടിയിൽ
കോഴിക്കോട്: പന്തീരാങ്കാവിൽ തമിഴ്നാട് സ്വദേശിയായ വീട്ടമ്മ മരിച്ച സംഭവത്തിൽ മരുമകൻ കസ്റ്റഡിയിൽ. ഇന്നലെയാണ് വീട്ടമ്മയായ അസ്മബീയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ ശേഷം മകളുടെ ഭർത്താവ് മഹമൂദ് ഒളിവിൽ പോയിരുന്നു. വീട്ടിലുണ്ടായിരുന്ന ആഭരങ്ങളും നഷ്ടമായിരുന്നു. പരിശോധന നടത്തിയ പോലീസ് സംഭവം കൊലപാതകമെന്ന് സംശയിച്ചിരുന്നു.
സംഭവ സ്ഥലത്തു നിന്നും മകളുടെ ഭർത്താവ് മഹമൂദിനെ കാണാതായതോടെ പോലീസിന്റെ സംശയങ്ങൾ വർദ്ധിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാലക്കാട് നിന്നും മഹമൂദിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തലയണ മുഖത്തു അമർത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന.
വീട്ടിൽ നിന്നും കാണാതായ അസ്മബീ സ്വർണാഭരണങ്ങൾ മഹമൂദിന്റെ പക്കൽ നിന്നും ലഭിച്ചെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിനുശേഷം ട്രെയിൻ മാർഗം രക്ഷപ്പെടുന്നതിനിടെയാണ് പാലക്കാട് നിന്ന് മഹമൂദ് പോലീസിന്റെ പിടിയിലാവുന്നത്.