ശക്തമായ മഴയിൽ കുതിർന്ന് നെല്ല്; വെള്ളക്കെട്ടിൽ പാടങ്ങൾ മുങ്ങി; കൊയ്ത് കൂട്ടിയ നെല്‍കറ്റകളെല്ലാം നശിച്ചു; വയനാട്ടിലെ കർഷകർ ആശങ്കയിൽ
By : സ്വന്തം ലേഖകൻ
Update: 2024-12-03 16:01 GMT
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കൊയ്ത്തുകാലം തുടങ്ങിയിട്ട് ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളൂവെങ്കിലും അപ്രതീക്ഷിതമായി പെയ്ത മഴയിൽ കർഷകർ ബുദ്ധിമുട്ടുകയാണ്. ഓർക്കാപ്പുറത്ത് എത്തിയ മഴയില്‍ കര്‍ഷകരുടെ വിളവെടുപ്പെല്ലാം നശിച്ചു. പാടത്ത് കൊയ്ത് കൂട്ടിയ നെല്‍കറ്റകളാണ് മഴവെള്ളത്തില്‍ മുങ്ങിയത്.
അടുത്ത് അടുത്ത ദിവസങ്ങളില്‍ കൊയ്ത്ത് നടക്കേണ്ട പാടങ്ങളിലാകട്ടെ വെള്ളം നിറഞ്ഞതിനാല്‍ കൊയ്ത്തുയന്ത്രം ഇറക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുയാണ് പലരും. തിങ്കളാഴ്ചത്തെ മഴയിലാണ് വയലുകളില്‍ വെള്ളമുയര്‍ന്നത്.
ഈ വെളളം പൂര്‍ണമായി ഇറങ്ങി വയലിലേയ്ക്ക് വണ്ടിയിറക്കാന്‍ പാകത്തിലായാല്‍ മാത്രമെ കൊയ്ത്ത് നടക്കൂ. ചെളി നിറഞ്ഞ് കിടക്കുന്ന വയലുകളില്‍ നിന്ന് ഇനി വൈക്കോലും കിട്ടില്ലെന്ന ആശങ്കയിലാണ് ഇപ്പോൾ കര്‍ഷകര്‍.