രാസലഹരിക്കച്ചവടത്തിനുള്ള പണം കൈമാറ്റം ചെയ്തത് സ്വന്തം ബാങ്ക് അക്കൗണ്ട് വഴി; പന്തളം എംഡിഎംഎ കടത്തു കേസില്‍ ഒരാള്‍ കൂടി പോലീസ് പിടിയില്‍; കണക്കു ബുക്കും അനുബന്ധ സാധനങ്ങളും പിടിച്ചെടുത്തു
പന്തളം എംഡിഎംഎ കടത്തു കേസില്‍ ഒരാള്‍ കൂടി പോലീസ് പിടിയില്‍
പന്തളം: എംഡിഎംഎ കടത്തു കേസില്‍ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര വള്ളികുന്നം ഇലിപ്പക്കുളം കിണറ്റും വിളയില്‍ വീട്ടില്‍ കെ. ജയകുമാര്‍ (44)ആണ് പിടിയിലായത്. ബംഗളുരുവില്‍ നിന്നും ബസ്സില്‍ കൊണ്ടുവന്ന എംഡിഎംഎയുമായി തുമ്പമണ്‍ മുട്ടം വടക്കടത്ത് മണ്ണില്‍ വീട്ടില്‍ ബ്രില്ലി മാത്യു (40)വിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് കൂട്ടുപ്രതിയെ അറസ്റ്റ് ചെയ്തത്.
കുളനട ഇന്ത്യന്‍ ഓയില്‍ പമ്പിന്റെ മുന്നില്‍ തിരുവല്ല ഭാഗത്തു നിന്നും ബസില്‍ വന്നിറങ്ങിയ ബ്രില്ലിയില്‍ നിന്നും 36.55 ഗ്രാം എംഡിഎംഎയും എട്ട് ചെറിയ സിറിഞ്ചും മറ്റും പിടിച്ചെടുത്തിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തില്‍ നടന്ന തുടരന്വേഷണത്തിലാണ് ജയകുമാര്‍ അറസ്റ്റിലായത്. ബ്രില്ലി മാത്യുവിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിരവധി തവണ ഒന്നാം പ്രതിയെ വിളിച്ചതായും വാട്സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചതായും കണ്ടെത്തി. ഇരുവരും തമ്മിലുള്ള ബാങ്ക് ഇടപാടുകളും പോലീസ് സംഘം വിശദമായി പരിശോധിച്ചു.
രാസലഹരി വസ്തുക്കള്‍ വാങ്ങുന്നതിനായി ജയകുമാറിന്റെ ഓച്ചിറ എസ്ബിഐ ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നും പലതവണ സാമ്പത്തിക ഇടപാട് നടന്നതായി കണ്ടെത്തി.ബ്രില്ലി മാത്യു ബംഗളൂരുവില്‍ നിന്നും എംഡിഎംഎ വാങ്ങിയ ദിവസം ഇരുവരും തമ്മില്‍ പലതവണ ബാങ്ക് ഇടപാട് നടത്തിയതായും വ്യക്തമായി. ലഹരി വസ്തുക്കള്‍ വാങ്ങുന്നതിന് സാമ്പത്തിക സഹായം നല്‍കുകയും കൂട്ടാളിയായി പ്രവര്‍ത്തിക്കുകയും ചെയ്തത് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ ജയകുമാറിനെ പിടികൂടുകയായിരുന്നു.
വീട്ടില്‍ നടത്തിയ പരിശോധനയില്‍ സാമ്പത്തിക ഇടപാടുകള്‍, ലഹരിവസ്തുക്കളുടെ കണക്കുകള്‍ എന്നിവ രേഖപ്പെടുത്തിയ ഡയറികളും ലഹരിവസ്തുക്കള്‍ തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസ് വിതരണം ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് സിപ് അപ്പ് കവറുകള്‍, മൊബൈല്‍ ഫോണ്‍, ലഹരി പദാര്‍ത്ഥം കോരിയെടുക്കാനുള്ള ചെറിയ പ്ലാസ്റ്റിക് സ്പൂണ്‍ എന്നിവ പോലീസ് സംഘം പിടിച്ചെടുത്തു. തുടര്‍നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.