റെസിഡന്‍സി വിസ ലഭിക്കാന്‍ പെണ്‍മക്കളെ യു.എ.ഇ.യിലേക്കു കൊണ്ടുപോകണം; പാരന്‍സ് പാട്രിയാക് അധികാരം വിനിയോഗിച്ച് ഹൈക്കോടതി

പാരന്‍സ് പാട്രിയാക് അധികാരം വിനിയോഗിച്ച് ഹൈക്കോടതി

Update: 2024-09-13 02:12 GMT

കൊച്ചി: റെസിഡന്‍സി വിസ ലഭിക്കുന്നതിനായി മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന പെണ്‍മക്കളെ യു.എ.ഇ.യിലേക്കു കൊണ്ടുപോകാന്‍ പാരന്‍സ് പാട്രിയാക് (കുട്ടികളുടെ രക്ഷിതാവ്) എന്ന അധികാരം വിനിയോഗിച്ച് ഹൈക്കോടതി മാതാവിന് അനുമതിനല്‍കി. തൃശ്ശൂര്‍ സ്വദേശിനിയായ മാതാവിന് തന്റെ പതിനൊന്നും എട്ടും പ്രായമുള്ള കുട്ടികളെ കൊണ്ടുപോകുന്നതിനാണ് ജസ്റ്റിസ് വി.ജി. അരുണ്‍ അനുമതിനല്‍കിയത്.

യു.എ.ഇയില്‍ റെസിഡന്‍സി വിസ ലഭിക്കാന്‍ പിതാവിന്റെ എതിര്‍പ്പില്ലാ സര്‍ട്ടിഫിക്കറ്റ് വേണം. എന്നാല്‍, വിവാഹജീവിതത്തിലെ കലഹം കാരണം പിതാവ് ഇത് നല്‍കിയിരുന്നില്ല. പിതാവിന്റെ എന്‍.ഒ.സി.യില്ലെങ്കില്‍ കോടതി ഉത്തരവ് ഹാജരാക്കണമെന്നാണ് യു.എ.ഇ.യിലെ നിയമം. ഇതിനായാണ് മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ ഹര്‍ജിയെ എതിര്‍ത്ത് പിതാവും കക്ഷിചേര്‍ന്നിരുന്നു. കുട്ടികളെ കാണാന്‍ തന്നെ അനുവദിക്കില്ലെന്നതടക്കമുള്ള കാരണമാണ് അദ്ദേഹം നിരത്തിയത്. ഇക്കാര്യത്തില്‍ തടസ്സം സൃഷ്ടിക്കില്ലെന്ന് ഹര്‍ജിക്കാരിയും അറിയിച്ചു. തുടര്‍ന്നാണ് കുട്ടികളുടെ രക്ഷിതാവ് എന്ന അധികാരം വിനിയോഗിച്ച് മാതാവിന് കുട്ടികളെ യു.എ.ഇ.യിലേക്ക് കൊണ്ടുപോകാന്‍ അനുമതിനല്‍കിയത്.

ഹര്‍ജിക്കാരിയുടെ മൂത്തമകള്‍ ഓട്ടിസം ബാധിതയും ഇളയമകള്‍ക്ക് പഠനവൈകല്യവുമുണ്ട്. ഇവര്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാന്‍ താന്‍ ജോലിചെയ്യുന്ന യു.എ.ഇ.യിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം.

Tags:    

Similar News