അടുക്കളയിലെ മലിനജലവും ചിക്കന്‍ വേസ്റ്റും പൊതുനിരത്തിലേക്ക് ഒഴുക്കി വിട്ടു; പത്തനംതിട്ടയിലെ കെ എഫ് സി നഗരസഭ പൂട്ടിച്ചു; ദുര്‍ഗന്ധം കാരണം പൊറുതി മുട്ടി നാട്ടുകാര്‍

പത്തനംതിട്ട കെ എഫ് സി നഗരസഭ അടച്ചു പൂട്ടി

Update: 2025-07-28 16:34 GMT

പത്തനംതിട്ട: അടുക്കളയിലെ മലിനജലവും കോഴി മാലിന്യവും അടക്കം പൊതുനിരത്തിലേക്ക് തുറന്നു വിട്ട പത്തനംതിട്ട കെ എഫ് സി നഗരസഭ അടച്ചു പൂട്ടി. പല തവണ നല്‍കിയ മുന്നറിയിപ്പുകള്‍ ഗൗനിക്കാതെ വന്നതോടെയാണ് കട അടച്ചു പൂട്ടാന്‍ നഗരസഭ ആരോഗ്യ വിഭാഗം തയാറായത്.

കടയ്ക്കുള്ളില്‍ നിന്നുള്ള സകല മാലിന്യവും മുന്‍ വശത്തു നിര്‍മിച്ച ടാങ്കിലാണ് സംഭരിച്ചിരുന്നത്. ഇത് ഏറെ നാളായി പൊട്ടി ദുര്‍ഗന്ധം വമിക്കുകയായിരുന്നു. പല തവണ പരാതി നഗരസഭയില്‍ ലഭിച്ചു. പരിശോധനയ്ക്ക് ചെല്ലുന്ന ഉദ്യോഗസ്ഥര്‍ കണ്ണടച്ചു മടങ്ങി പോരുകയാണ് പതിവ്.

ഉടന്‍ തന്നെ ശരിയാക്കാം എന്ന കട നടത്തിപ്പുകാരുടെ വാക്ക് മുഖവിലയ്ക്ക് എടുത്താണ് ഇവര്‍ മടങ്ങിയത്. നിറഞ്ഞു കിടക്കുന്ന ടാങ്ക് രാത്രികാലങ്ങളില്‍ തുറന്ന് മലിന ജലം റോഡിലേക്ക് ഒഴുക്കുകയും ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെയും ഇത് ആവര്‍ത്തിച്ചതോടെയാണ് നഗരസഭാധികൃതര്‍ ഉണര്‍ന്നത്. തുടര്‍ന്ന് നോട്ടീസ് നല്‍കി കട അടച്ചു പൂട്ടുകയായിരുന്നു. സെന്റ് പീറ്റേഴ്സ് ജങ്ഷന്‍-വെട്ടിപ്രം റോഡരികിലാണ് കെഎഫ്സി ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്നത്.


Tags:    

Similar News